പിഎസ്എല്ലിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു വനിതാ കോച്ച്. മുൾത്താൻ സുൽത്താന്റെ ഫാസ്റ്റ് ബൗളിംഗ് പരിശീലകയായി കാതറിൻ ഡാൽട്ടണെ നിയമിച്ചു. ഇതോടെ ഒരു ടോപ്പ് ലെവൽ പുരുഷ ടീമിന്റെ ആദ്യ വനിതാ ഫാസ്റ്റ് ബൗളിംഗ് കോച്ച് എന്ന നേട്ടവും ഡാൽട്ടണ്‍ സ്വന്തം. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടായേക്കുമെന്ന് അധികൃതർ അറിയിച്ചു.
മുൻപ് രണ്ടുതവണ പാകിസ്താൻ സന്ദർശിച്ച ഡാൽട്ടണ്‍ മുഹമ്മദ് ഇല്യാസ്, സമീൻ ഗുൽ, അർഷാദ് ഇഖ്ബാൽ എന്നിവരുൾപ്പെടെ നിരവധി ഫാസ്റ്റ് ബൗളർമാർക്കൊപ്പം പ്രവർത്തിച്ച് പരിചയമുണ്ട്. കൂടാതെ യുകെയിലെ നാഷണൽ ഫാസ്റ്റ് ബൗളിംഗ് അക്കാദമിയിലും ഇന്ത്യയിലെ അൾട്ടിമേറ്റ് പേസ് ഫൗണ്ടേഷനിലും പരിശീലക സ്ഥാനങ്ങൾ വഹിച്ചിട്ടുമുണ്ട്.
അതേസമയം പുതിയ ചുമതല വിശ്വസിച്ച് ഏൽപ്പിച്ച ഫ്രാഞ്ചൈസിക്ക് ഡാൾട്ടൺ നന്ദി പറഞ്ഞു. ടീമിൽ കാര്യമായ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടീമിന്റെ പ്രകടനം മെച്ചപ്പെടുത്താൻ ശ്രമിക്കുമെന്നും കാതറിൻ ഡാൾട്ടൺ പ്രതികരിച്ചു. ഇംഗ്ലണ്ടിലാണ് ജനിച്ചതെങ്കിലും 30 കാരിയായ ഡാൽട്ടൺ 2015ൽ ഐറിഷ് പൗരത്വം നേടിയ വ്യക്തിയാണ്. അയർലൻഡിനായി നാല് ഏകദിനങ്ങളും നാല് ടി20യും ഡാൾട്ടൺ കളിച്ചിട്ടുണ്ട്.