വെറുതേ പണം കിട്ടിയാൽ ആരാണ് വേണ്ടെന്ന് പറയുക. അതെ, ഇപ്പോൾ കേരളക്കര മുഴുവൻ വെറുതേ കിട്ടുന്ന പണത്തിന് പിന്നാലെയാണ്. ഫ്രീ ആയി പണം കിട്ടുമെന്ന് കരുതി കയ്യുംകെട്ടി ഇരുന്നിട്ട് കാര്യമില്ല കേട്ടോ. അതിനായി കഷ്ടപ്പെടണം. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന ‘ക്യാഷ് ഹണ്ട് ചലഞ്ചി’നേക്കുറിച്ചാണ് പറയുന്നത്. എന്താണിതെന്നല്ലേ? പറഞ്ഞുതരാം.
ആരെങ്കിലും ഒരാൾ 50, 100, 200, 500 രൂപ നോട്ടുകൾ പലയിടങ്ങളിലായി ഒളിപ്പിച്ചുവെക്കും. തുടർന്ന് പണം ഒളിപ്പിച്ച് വെയ്ക്കുന്നതിന്റെയും സ്ഥലം ഏകദേശം മനസിലാകുന്ന വിധത്തിലുള്ള വീഡിയോയും ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെയ്ക്കും. ഇത് കണ്ട് സ്ഥലം മനസിലാക്കി ആദ്യം എത്തുന്നവർക്ക് ആ പണം സ്വന്തമാക്കാം. ഇതാണ് ക്യാഷ് ഹണ്ട് ചലഞ്ച്. ഈ പരിപാടി പുറം രാജ്യങ്ങളിലൊക്കെ കുറച്ച് കാലങ്ങളായി നടന്നുവരാറുണ്ട്. എന്നാൽ കേരളത്തിലേയ്ക്കെത്തിയത് ഇപ്പോഴാണെന്ന് മാത്രം.
ക്യാഷ് ഹണ്ട് പേജിൽ ഇൻസ്റ്റഗ്രാം റീൽ ആയാണ് ഇത്തരം വീഡിയോകൾ അപ്ലോഡ് ചെയ്യുന്നത്. ചാലഞ്ചിൽ പങ്കെടുക്കാനായി ഇവരുടെ പേജ് ഫോളോ ചെയ്യുകയാണ് ആദ്യം വേണ്ടത്. സ്വന്തം മുഖമോ പേരോ വെളിപ്പെടുത്താതെയാണ് ചാലഞ്ച് നടത്തുന്നത് എന്നതാണ് മറ്റൊരു പ്രത്യേകത. കെട്ടിടങ്ങളുടെ മതിലിലും, മരത്തിന്റെ ഇടയിലും, ഫൂട്പാത്തിനിടയിലും, പുൽത്തകിടിയിലും, കല്ലിനടിയിലും, കമ്പികൾക്ക് ഇടയിലുമൊക്കെയാണ് ചാലഞ്ചേഴ്സ് പണം ഒഴിപ്പിക്കാറുള്ളത്. വീഡിയോ കണ്ട് പണം തപ്പിയിറങ്ങുന്നവരിൽ ആർക്കെങ്കിലും പണം ലഭിച്ചാൽ കമന്റ് ബോക്സിൽ ‘ക്യാഷ്ഡ്’ എന്ന് എഴുതണം. ഇത് കാണുന്നതോടെ പണം തപ്പിയിറങ്ങുന്ന മറ്റുള്ളവർ അന്വേഷണം അവസാനിപ്പിക്കുകയും ചെയ്യും. ഇത്തരത്തിലാണ് ചാലഞ്ച് മുന്നോട്ടുപോകുന്നത്.
എന്തായാലും സംഭവം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്. ദിനംപ്രതി ക്യാഷ് ഹണ്ട് പേജുകളുടെ ഫോളോവേഴ്സിന്റെ എണ്ണവും വർധിച്ചുകൊണ്ടിരിക്കുകയാണ്. എങ്ങിനെയാണ് ഫോളോവേഴ്സ് കൂടാതിരിക്കുന്നത്? വെറുതേ പണം കിട്ടിയാൽ ആർക്കാണ് ഇഷ്ടപ്പെടാത്തത്, അല്ലേ..