ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ഭ്രമയുഗം’. മെഗാ സ്റ്റാർ മമ്മൂട്ടിയുടെ വ്യത്യസ്തമാർന്ന കഥാപാത്രത്തെ വരവേൽക്കാൻ ഒരുങ്ങി ഇരിക്കുകയാണ് കേരളക്കര. എന്നാൽ റിലീസ് അടുക്കുന്ന സമയത്ത് ചിത്രത്തിലെ മമ്മൂട്ടി അവതരിപ്പിക്കുന്ന കുഞ്ചമൺ പോറ്റി എന്ന കഥാപാത്രവുമായി ബന്ധപ്പെട്ടുകൊണ്ട് യഥാർത്ഥ കുടുംബം രംഗത്ത് വന്നിരുന്നു. കുഞ്ചമൺ പോറ്റിയെ ദുർമന്ത്രവാദിയായി സിനിമയിൽ ചിത്രീകരിക്കുന്നതിലൂടെ കുടുംബത്തിന്റെ സൽപ്പേരിന് കളങ്കം ഉണ്ടാവും. അതിനാൽ ചിത്രത്തിന്റെ പ്രദർശനം തടയണം എന്ന ആവശ്യവുമായാണ് കുഞ്ചമൺ ഇല്ലത്തെ പി എം ഗോപി കോടതിയിൽ ഹർജി നൽകിയത്.
സംഭവം വിവാദമായതോടെ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തിന്റെ പേര് മാറ്റാൻ അപേക്ഷ നൽകിയിരിക്കുകയാണ് അണിയറപ്രവർത്തകർ. സിനിമയിലെ കുഞ്ചമൺ പോറ്റി എന്ന കഥാപാത്രത്തിന്റെ പേര് കൊടുമൺ പോറ്റി എന്നാക്കി മാറ്റാൻ ആണ് അപേക്ഷ നൽകിയത്. അണിയറ പ്രവർത്തകരുടെ അപേക്ഷ പരിശോധിക്കുകയാണ്. കൂടാതെ ഇതുമായി ബന്ധപ്പെട്ട് സെൻസർ ബോർഡിന് അപേക്ഷ നൽകിയിട്ടുണ്ടെന്നും നിര്‍മാതാക്കൾ അറിയിച്ചു.
കേസ് പരിഗണിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍ ഇക്കാര്യത്തിൽ നാളെ മറുപടി നൽകാൻ സെൻസർ ബോർഡിനോട് നിർദേശിച്ചിട്ടുണ്ടെന്നാണ് വിവരം. അതേസമയം സിനിമയുടെ ടീസർ മാത്രം കണ്ടാണ് ആരോപണമെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കി. എന്നാൽ തങ്ങളുടെ കുടുംബപ്പേര് ഇപ്രകാരം ചിത്രത്തില്‍ ഉപയോഗിക്കുന്നത് കുടുംബത്തെ മനഃപൂര്‍വം താറടിക്കുകയും സമൂഹത്തിനു മുൻപാകെ മാനം കെടുത്തുമെന്ന് ഭയപ്പെടുന്നുവെന്നുമായിരുന്നു ഹര്‍ജിക്കാരുടെ വാദം. ഇതോടെയാണ് കഥാപാത്രത്തിന്‍റെ പേര് മാറ്റാന്‍ തയ്യാറാണെന്ന് നിര്‍മാതാക്കള്‍ കോടതിയെ അറിയിച്ചത്.