മലയാള സിനിമാചരിത്രത്തിൽ ആദ്യമായി സിനിമാ സെറ്റിൽ ബയോമെട്രിക് സംവിധാനം ഏർപ്പെടുത്തി. നടൻ വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിക്കുന്ന ഇന്ന് ചിത്രീകരണം ആരംഭിച്ച ‘പടക്കളം’ എന്ന സിനിമയുടെ സെറ്റിലാണ് ബയോമെട്രിക് സംവിധാനം നടപ്പിലാക്കിയത്. സെറ്റിലെത്തുന്നവരുടെ എണ്ണവും വിവരങ്ങളും കൃത്യമായി ശേഖരിക്കുന്നതിന്റെ ഭാഗമായാണ് നടപടി.
അഭിനേതാക്കൾ, സംവിധായകൻ, അസിസ്റ്റൻ്റ്സ്, സാങ്കേതിക പ്രവർത്തകർ, പ്രൊഡക്ഷൻ ബോയ്സ് തുടങ്ങി എല്ലാവരും ബയോമെട്രിക് വഴി ഹാജർ രേഖപ്പെടുത്തണം. സാധാരണ ഒരു ഓഫീസ് സംവിധാനത്തിലുള്ളതു പോലെ രാവിലെ വരുമ്പോൾ പഞ്ച് ഇൻ ചെയ്യുകയും തിരിച്ചു പോകുമ്പോൾ പഞ്ച് ഔട്ട് ചെയ്യുകയുമാണ് വേണ്ടത്.
ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ ഷിബു. ജി. സുശീലൻ്റെ ആശയമാണ് പുതിയ സംവിധാനത്തിന് പിന്നിൽ. ഒരു സെറ്റിൽ എത്ര പേർ ജോലിയെടുക്കുന്നുണ്ടെന്ന് നിർമ്മാതാവിന് കൃത്യമായി അറിയാൻ കഴിയുമെന്നും ഒരാൾ വന്നില്ലെങ്കിൽ മനസിലാകുമെന്നും സുശീലൻ വ്യക്തമാക്കി. സെറ്റിൽ വരാത്തവർ ബാറ്റ കൈപ്പറ്റുന്നത് ഇതുവഴി ഒഴിവാക്കാമെന്നും പോർട്ടബിൾ ബയോമെട്രിക് സംവിധാനമായതിനാൽ ഏത് ലൊക്കേഷനിലേയ്ക്കും കൊണ്ടുപോകാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.