മൂന്ന് മാസമായി മലയാളികളുടെ സ്വീകരണമുറികളെ ആവേശത്തിലാക്കി വിജയകരമായി സംപ്രേഷണം തുടരുന്ന പരിപാടിയാണ് ബിഗ് ബോസ്. ബിഗ് ബോസ് മലയാളം സീസൺ 6ന് ഇന്ന് പരിസമാപ്തിയാകുകയാണ്. വ്യക്തമായ നിലപാടുകൾ അറിയിച്ചും ഗെയിമുകൾ ആസൂത്രണം ചെയ്തും വ്യക്തിത്വം കാത്തുസൂക്ഷിച്ചും ടാസ്കുകളിൽ കഴിവുതെളിയിച്ചും 100 ദിവസം ബിഗ് ബോസ് വീട്ടിലെ മത്സരം അതിജീവിച്ച അന്തിമവിജയി ആരെന്ന് ഇന്ന് പ്രഖ്യാപിക്കപ്പെടും. വൈകിട്ട് ഏഴ് മണി മുതലാണ് ഗ്രാൻഡ് ഫിനാലെയുടെ തത്സമയസംപ്രേക്ഷണം ആരംഭിക്കുക.
ഗ്രാൻഡ് ഫിനാലെ വേദിയ്ക്ക് നിറപ്പകിട്ടേകാൻ അവതാരകനായ മോഹൻലാലിനൊപ്പം ഇത്തവണ മെഗാ സ്റ്റാർ മമ്മൂട്ടിയും വേദിയിലെത്തുമെന്നാണ് സൂചന. ജിൻ്റോ, ജാസ്മിൻ ജാഫർ, അർജുൻ ശ്യാം, അഭിഷേക് ശ്രീകുമാർ, ഋഷി കുമാർ എന്നിവരാണ് അവസാനഘട്ടത്തിൽ ഏറ്റുമുട്ടുന്ന മത്സരാർത്ഥികൾ. ഇവരിൽ നിന്നും ആരാകും ബിഗ് ബോസ് കിരീടം ചൂടുക എന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.
പ്രശസ്ത താരങ്ങളും മുൻ ബിഗ് ബോസ് മത്സരാർത്ഥികളുമായ നോബി, അഖിൽ, സൂരജ് , നാദിറ, റനീഷ തുടങ്ങിയവർ അവതരിപ്പിക്കുന്ന കോമഡി സ്കിറ്റും ചലച്ചിത്ര പിന്നണി ഗായകരായ സിതാര, വിധു പ്രതാപ്, ശക്തിശ്രീ എന്നിവർ ഒരുക്കുന്ന സംഗീതവിരുന്നും പ്രശസ്ത താരങ്ങളായ നീത പിള്ള, ദിൽഷാ പ്രസന്നൻ, ശ്രുതിലക്ഷ്മി, ധന്യ മേരി വർഗീസ്, ജാഫർ സാദിഖ് തുടങ്ങിയവരുടെ നൃത്തവിസ്മയങ്ങളും ഗ്രാൻഡ് ഫിനാലെയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.