വയനാട് മേപ്പാടിയിലെ ഉരുൾപൊട്ടലും തുടർന്നുണ്ടായ വിപത്തുകളും കേരളീയർക്ക് ഒരിക്കലും മറക്കാൻ സാധിക്കില്ല. ഈ അവസരത്തിൽ വയനാട്ടിൽ നല്ലൊരു ആശുപത്രി നിർമ്മിക്കണമെന്ന ആവശ്യവുമായി എത്തിയിരിക്കുകയാണ് വയനാട് സുൽത്താൻ ബത്തേരി സ്വദേശി കൂടിയായ സംവിധായകനും നടനുമായ ബേസിൽ ജോസഫ്.
വയനാട് ഇനിയെങ്കിലും ഒരു നല്ല ആശുപത്രി വരണമെന്നും എത്രയോ കാലങ്ങളായി ഒരു മെഡിക്കൽ കോളേജിനായി വയനാട്ടുകാർ സമരത്തിലാണെന്നും ബേസിൽ ആവശ്യപ്പെട്ടു. “എല്ലാവരും ടൂർ പോകാനുള്ള സ്ഥലമായി മാത്രമാണ് വയനാടിനെ കാണുന്നത്. അവിടുത്തെ തണുപ്പുമേറ്റ് സ്ഥലം കണ്ട് മടങ്ങുന്നവരാരും അവിടെയുള്ള മനുഷ്യരെ പരിഗണിക്കാറില്ല. അത്യാഹിത കേസുകളിൽ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് രോഗികളെ കൊണ്ടു പോകുമ്പോൾ ചുരം കടക്കുക എന്ന വലിയ പ്രതിസന്ധി വയനാട്ടുകാർക്ക് മുന്നിലുണ്ട്.
മൂന്ന് മണിക്കൂർ സമയം വേണം ആംബുലൻസിന് പോലും ചുരം താണ്ടാൻ, ബ്ലോക്കുണ്ടെങ്കിൽ അത് അഞ്ചും ആറും മണിക്കൂറിലേക്ക് നീളും. ആശുപത്രിയിലെത്തുന്നതിന് മുന്നേ ആംബുലൻസിൽ കിടന്ന് രോഗി മരിക്കുന്നതും പതിവാണ്. അങ്ങനെ രക്ഷിച്ചെടുക്കാവുന്ന എത്രയോ ജീവനുകൾ നഷ്ടമായിട്ടുണ്ട്. അതിനാൽ വയനാടിന്റെ ഈ വലിയ ആവശ്യം അധികൃതർ പരിഗണിക്കണം“ എന്നാണ് ബേസിൽ ജോസഫ് പറഞ്ഞത്.