തിയേറ്ററിൽ തരംഗം സൃഷ്ടിച്ച് കുതിപ്പ് തുടരുകയാണ് ഫഹദ് ഫാസിലിന്റെ ആവേശം. ചിത്രം 150 കോടിയിലേയ്ക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. ഫഹദ് ഫാസിലിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റും ആദ്യത്തെ 150 കോടി ചിത്രവുമാണ് ആവേശം. ഇപ്പോൾ ചിത്രം ആഗോളതലത്തിൽ 140 കോടി സ്വന്തമാക്കിയിരിക്കുകയാണ്. തിയേറ്ററിൽ 22 ദിവസം കൊണ്ടാണ് ചിത്രം നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. അടുത്ത് തന്നെ ചിത്രം 150 കോടി സ്വന്തമാക്കും എന്ന കാര്യത്തിൽ സംശയമില്ല.
മലയാളത്തിലെ ഏറ്റവും വലിയ പണം വാരിയ ചിത്രങ്ങളുടെ പട്ടികയിൽ ഏഴാം സ്ഥാനത്താണ് ഇപ്പോൾ ആവേശമുള്ളത്. റിലീസ് ചെയ്ത് അഞ്ചാം ദിവസം ചിത്രം 50 കോടി ക്ലബ്ബിലെത്തിയിരുന്നു. രോമാഞ്ചത്തിന് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്ത ചിത്രത്തിൽ ബംഗളൂരു സ്വദേശിയായ രംഗ എന്ന അധോലോക നായകനെയാണ് ഫഹദ് ഫാസിൽ അവതരിപ്പിക്കുന്നത്. അൻവർ റഷീദ് എൻ്റർടെയ്ൻമെൻ്റ്സിൻ്റെ ബാനറിൽ അൻവർ റഷീദും ഫഹദ് ഫാസിൽ ആന്റ് ഫ്രണ്ട്സിന്റെ ബാനറിൽ നസ്രിയ നസീമും ചേർന്നാണ് ആവേശം നിർമ്മിക്കുന്നത്. മോളിവുഡിൽ നിവിൻ പോളി നായകനായ ‘മലയാളീ ഫ്രം ഇന്ത്യ’ റിലീസ് ചെയ്തിട്ട് പോലും ആവേശത്തിന് ഒരു കോട്ടവും തട്ടിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്.
വിഷു റിലീസായാണ് ആവേശം തിയേറ്ററുകളിലെത്തിയത്. സുഷിൻ ശ്യാമാണ് ആവേശത്തിന്റെ സംഗീതം നിർവഹിച്ചത്. അതേസമയം, ജിത്തു മാധവൻ ചിത്രം കേരളാ ബോക്സ് ഓഫീസിലും പുതു റെക്കോർഡുകൾ സൃഷ്ടിക്കുകയാണ്. ആഗോളതലത്തിൽ ആവേശം അഞ്ച് ദിവസം കൊണ്ടാണ് 100 കോടി ക്ലബിൽ ഇടം നേടിയത്.