ലോകകപ്പിലെ അവസാന റൗണ്ട് മത്സരത്തിൽ ബംഗ്ലാദേശിനെതിരെ ഓസ്ട്രേലിയക്ക് തകർപ്പൻ ജയം. മിച്ചൽ മാർഷിന്‍റെ സെഞ്ചുറിയുടെ ബലത്തിൽ എട്ടു വിക്കറ്റിനാണ് ഓസീസിന്‍റെ ജയം. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 50 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 306 റൺസാണ് എടുത്തത്. മറുപടി ബാറ്റിങ്ങിൽ 44.4 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തുകയും ചെയ്തു.
132 പന്തിൽ 177 റൺസുമായി മാർഷ് പുറത്താകാതെ നിന്നതായിരുന്നു മത്സരത്തിന്റെ ആകർഷണം. ഒമ്പത് സിക്സും 17 ഫോറുകളുമാണ് താരം നേടിയത്. സ്റ്റീവ് സ്മിത്ത് 64 പന്തിൽ 63 റൺസെടുത്ത് മാർഷിന് മികച്ച പിന്തുണ നൽകി പുറകിൽ തന്നെ ഉണ്ടായിരുന്നു. ട്രാവിസ് ഹെഡ് (11 പന്തിൽ 10), ഡേവിഡ് വാർണർ (61 പന്തിൽ 53) എന്നിവരാണ് പുറത്തായ താരങ്ങൾ. തസ്കിൻ അഹ്മദ്, മുസ്തഫിസുർ റഹ്മാൻ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.
ബംഗ്ലാദേശിനായ താഹീദ് ഹൃദോയ് 74 റൺസെടുത്ത് ടീമിന്‍റെ ടോപ് സ്കോററായി മാറി. ഓപണർമാരായ തൻസിദ് ഹസനും (36) ലിട്ടൻ ദാസും (36) ചേർന്ന് മികച്ച തുടക്കമാണ് ബംഗ്ലാദേശിന് നൽകിയത്. അതേസമയം ഓസ്ട്രേലിയ നേരത്തെ തന്നെ സെമി ഉറപ്പിച്ചിരുന്നു. മൂന്നാം സ്ഥാനക്കാരായാണ് ടീമിന്‍റെ സെമിയിലേക്കുള്ള പ്രവേശനം. ദക്ഷിണാഫ്രിക്കക്കും ഓസീസിനും 14 പോയന്‍റാണ് നിലവിലുള്ളത്. എന്നാൽ, റൺ റേറ്റിന്‍റെ ബലത്തിൽ ദക്ഷിണാഫ്രിക്കയാണ് മുന്നിൽ.