മലയാളികളുടെ പ്രിയപ്പെട്ട താരമാണ് നടൻ ആസിഫ് അലി. ഏത് വേഷവും തനിക്ക് നിസാരമായി വഴങ്ങുമെന്ന് നിരവധി ചിത്രങ്ങളിലൂടെ ആസിഫ് തെളിയിച്ചിട്ടുമുണ്ട്. ഇപ്പോൾ അഭിനയത്തിന്റെ തുടക്കകാലത്ത് സിനിമാ മേഖലയിൽ നിന്ന് നേരിട്ട ദുരനുഭവം തുറന്നുപറഞ്ഞിരിക്കുകയാണ് നടൻ ആസിഫ് അലി. മലയാളിത്തമുള്ള മുഖമല്ലെന്ന് പറഞ്ഞ് തന്നെ സിനിമയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നാണ് താരം വെളിപ്പെടുത്തിയത്.
നീലത്താമര സിനിമയുടെ ഓഡിഷന് പോയ ആസിഫ് അലിയെ മലയാളിത്തമുള്ള മുഖമല്ലെന്ന് പറഞ്ഞ് ഒഴിവാക്കിയത് എം.ടി വാസുദേവൻ നായരായിരുന്നു. എന്നാൽ അതേ എംടിയുടെ കഥയിൽ 13 വർഷങ്ങൾക്ക് ശേഷം നായകനായി എത്തിയിരിക്കുകയാണ് താരം. എംടിയുടെ കഥകളുടെ ആന്തോളജി സിനിമയായ മനോരഥങ്ങളുടെ ട്രെയിലർ ലോഞ്ചിൽ വെച്ചായിരുന്നു ആസിഫ് അലിയുടെ തുറന്നുപറച്ചിൽ.
“ഞാൻ ആദ്യമായി എംടി സാറിന്റെ മുൻപിലെത്തുന്നത് നീലത്താമര എന്ന സിനിമയുടെ ഓഡിഷന് വേണ്ടി ലാൽ ജോസ് സർ, എംടി സാറിനെ പോയി കാണാൻ പറഞ്ഞപ്പോഴായിരുന്നു. അന്ന് ഒരു ‘മലയാളി ലുക്ക്’ ഇല്ലെന്നു പറഞ്ഞ് എനിക്ക് അതിൽ നിന്നും മാറേണ്ടി വന്നു. അതിനുശേഷം നീണ്ട 13 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ആണ് സാറിൻ്റെ ഒരു കഥാപാത്രം ചെയ്യാൻ പറ്റിയത്. അതിൻ്റെ സന്തോഷം തീർച്ചയായും ഉണ്ട്. സാറിന്റെ മകൾ അശ്വതി സംവിധാനം ചെയ്‌ത സിനിമയിലാണ് ഞാൻ അഭിനയിക്കുന്നത്. മധുബാലയാണ് എനിക്കൊപ്പം അഭിനയിച്ചിട്ടുള്ളത്. ഒരുപാടു സന്തോഷം” എന്നാണ് ആസിഫ് പറഞ്ഞത്.