ചരിത്രത്തിലാദ്യമായി ഏഷ്യൻ ഗെയിംസിൽ മെഡൽ നേട്ടത്തിൽ സെഞ്ചുറി ഉറപ്പിച്ച് ഇന്ത്യ. നിലവിൽ 91 മെഡലുകളാണ് ഇന്ത്യ നേടിയിരിക്കുന്നത്. വരാനിരിക്കുന്ന ഒൻപത് ഇവൻ്റുകളിൽ കൂടി രാജ്യം മെഡലുറപ്പിച്ചിട്ടുണ്ട്. ഇതോടെ ആകെ മെഡലുകളുടെ എണ്ണം 100 ആയി ഉയരും. 2018ലെ 70 മെഡലുകൾ എന്ന നേട്ടം ഇതിനോടകം മറികടന്ന ഇന്ത്യ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനമാണ് ഏഷ്യൻ ഗെയിംസിൽ കാഴ്ച്ചവയ്ക്കുന്നത്.
അതേസമയം അമ്പെയ്ത്തിൽ മൂന്ന് മെഡലുകൾ കൂടി ഉറപ്പിച്ച ഇന്ത്യ പുരുഷ ക്രിക്കറ്റിലും ഹോക്കിയിലും ഒരോ മെഡലുകൾ വീതവും ഉറപ്പിച്ചു കഴിഞ്ഞു. കൂടാതെ കബഡിയിൽ രണ്ട് മെഡലുകളും ബാഡ്മിൻ്റണിൽ രണ്ട് മെഡലുകളും ഇന്ത്യ ഉറപ്പിച്ചിട്ടുണ്ട്.
ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യ കടന്നിട്ടുണ്ട്. ഈ മത്സരത്തിൽ വെള്ളിയോ സ്വർണമോ ഉറപ്പിച്ചിരിക്കുകയാണ് രാജ്യം. അഫ്ഗാനിസ്താനാണ് ഫൈനലിൽ ഇന്ത്യ നേരിടുന്നത്. സെമിയിൽ ഇന്ത്യ ബംഗ്ലാദേശിനെ വീഴ്ത്തിയപ്പോൾ പാകിസ്താനെ അട്ടിമറിച്ചാണ് അഫ്ഗാനിസ്താൻ ഫൈനലിൽ എത്തിയത്.