ജനുവരി, ഫെബ്രുവരി മാസങ്ങളിലായി ഖത്തർ വേദിയാകുന്ന ഏഷ്യൻ കപ്പ് ഫുട്ബോളിന്റെ ഉദ്ഘാടന, ഫൈനൽ മത്സരങ്ങൾക്ക് ലുസൈൽ സ്റ്റേഡിയം വേദിയാകുമെന്ന് സംഘാടകർ അറിയിച്ചു. ഖത്തർ ലോകകപ്പ് മത്സരത്തിൽ വിജയ കിരീടം ചൂടിയ മെസ്സിപ്പടയുടെ ആഹ്ലാദത്തിന്റെ ആവേശം കേട്ടടങ്ങും മുൻപേയാണ് ഏഷ്യൻ കപ്പിന്റെ വിജയാഘോഷത്തിനും ലുസൈൽ വേദിയാവാൻ ഒരുങ്ങുന്നത്.
ഒമ്പത് വേദികളിലായി 24 ടീമുകളാണ് മത്സരിക്കുക. നാല് ടീമുകൾ വീതമുള്ള ആറ് ഗ്രൂപ്പുകളായായാണ് ആദ്യ ഘട്ടങ്ങളിലെ മത്സരങ്ങൾ. ആതിഥേയരായ ഖത്തറും ലെബനാനും തമ്മിലായിരിക്കും ഉദ്ഘാടന മത്സരം. അതേസമയം നേരത്തെ പ്രഖ്യാപിച്ച എട്ട് വേദികളിൽ ലുസൈൽ സ്റ്റേഡിയത്തിന്റെ പേര് ഉണ്ടായിരുന്നില്ല. പിന്നീട് പരിഷ്കരിച്ച പുതിയ മത്സര ഫിക്സ്ചറുകളിൽ ലുസൈലിനെയും ഉൾപ്പെടുത്തിയാണ് പുതിയ വേദികൾ പ്രഖ്യാപിച്ചത്.
കൂടാതെ ലോകകപ്പ് വേദികളായ അൽ ബെയ്ത് സ്റ്റേഡിയം, അൽ തുമാമ, അൽ ജനൂബ്, അഹമ്മദ് ബിൻഅലി,ഖലീഫ ഇൻറർനാഷനൽ, എജുക്കേഷൻ സിറ്റി എന്നീ സ്റ്റേഡിയങ്ങളും ഏഷ്യൻ കപ്പ് മത്സരങ്ങൾക്ക് വേദിയാകും. ഈ സ്റ്റേഡിയങ്ങൾക്ക് പുറമേ, അൽ സദ്ദിന്റെ ഹോം ഗ്രൗണ്ടായ ജാസിം ബിൻ ഹമദ്, അൽ ദുഹൈലിന്റെ ഹോം ഗ്രൗണ്ടായ അബ്ദുല്ല ബിൻ ഖലീഫ സ്റ്റേഡിയങ്ങളും ഏഷ്യൻ കപ്പ് മത്സരങ്ങൾക്ക് വേദിയാകും.