ഒരു പാട്ട് പാടി തീർക്കാൻ തന്നെ കഷ്ടപ്പെടുന്ന ധാരാളം പേർ നമ്മുക്ക് ചുറ്റുമുണ്ട്. എന്നാൽ പാട്ട് പാടി ലോക റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് ഒരു മലയാളി. കൊച്ചി വാത്തുരുത്തി സ്വദേശി ആന്റണി സിജോ അമരേഷ് ആണ് പാട്ടു പാടി റെക്കോർഡിട്ടത്. എട്ടര മണിക്കൂർ കൊണ്ട് 201 ഗാനങ്ങൾ മാരത്തണായി ആന്റണി സിജോ അമരേഷ് ആലപിച്ചു. മാത്രമല്ല, പാടുന്നതിനൊപ്പം ആന്റണി ഗിറ്റാറും വായിച്ചിരുന്നു.
രാവിലെ ഒൻപത് മണിക്ക് തുടങ്ങിയ ഗാനാലാപനം വൈകുന്നേരം അഞ്ചരയ്ക്കാണ് ആന്റണി അവസാനിപ്പിച്ചത്. പനമ്പിള്ളി നഗറിലെ വുഡൻ ഷീൽഡ് അക്കാദമിയിലായിരുന്നു ഈ റെക്കോർഡ് പ്രകടനം. മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നഡ, ഹിന്ദി, സ്പാനിഷ് എന്നീ ഭാഷകളിലെ പാട്ടുകൾക്കൊപ്പം സ്വന്തമായി എഴുതിയ ഗാനങ്ങളും ലോകറെക്കോർഡ് പ്രകടനത്തിൽ ആന്റണി ആലപിച്ചു.
ഡിസംബർ മുതൽ ഇതിനായുള്ള പരിശീലനത്തിലായിരുന്നു ആന്റണി. ഡിസംബർ മുതൽ മാംസാഹാരങ്ങൾ പൂർണമായി ഒഴിവാക്കിയിരുന്നു. എങ്കിലും പാടുന്നതിനിടെ ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നുവെന്നും വേദനയും മരവിപ്പും അനുഭവപ്പെട്ടിരുന്നെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിലെ ക്രൗൺ പ്ലാസയിലെ ഒഫീഷ്യൽ സിങ്ങർ കൂടിയാണ് ആന്റണി. കൂടെ ജോലി ചെയ്യുന്ന ഡ്രമ്മർ ആണ് പാട്ട് പാട് റെക്കോർഡിടുന്നതിനെക്കുറിച്ച് തന്നോട് സംസാരിച്ചതെന്നും ആന്റണി പറഞ്ഞു.
ഒരു ഉപകരണത്തിനൊപ്പം പാട്ടുകൂടി പാടുകയെന്നത് വളരെ കഠിനമായ കാര്യമായിരുന്നു. 250ലധികം പാട്ടുകൾ അറിയാമായിരുന്നു. സ്വന്തമായി എഴുതിയ നാലു ഗാനങ്ങൾ കൂടി ഉൾപ്പെടുത്തുകയും ചെയ്തു. സുഹൃത്തുക്കളും കുടുംബത്തിന്റെയും പിന്തുണ വളരെ വലുതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സംഗീത സംവിധായകൻ ഹിഷാം അബ്ദുൽ വഹാബിന്റെ കീഴിൽ മ്യൂസിക് പ്രൊഡക്ഷൻ പഠിച്ച ആന്റണി സിജോ അമരേഷ് സിനിമ രംഗത്തേക്ക് പ്രവേശിക്കാനുള്ള തയ്യാറെടുപ്പിലാണ്.