മലയാളി പ്രേക്ഷകർക്ക് ഒരിക്കലും മറക്കാൻ സാധിക്കാത്ത ചിത്രമാണ് 2014ൽ പുറത്തിറങ്ങിയ ബാംഗ്ലൂർ ഡെയ്സ്. പ്രണയവും വിരഹവും തമാശയുമെല്ലാം നിറഞ്ഞ ചിത്രം തിയേറ്ററിലെ പല കളക്ഷൻ റെക്കോർഡുകളും മറികടന്നിരുന്നു. അഞ്ജലി മേനോന്റെ സംവിധാന മികവിൽ പിറന്ന ചിത്രത്തിൽ ഫഹദ് ഫാസിൽ, ദുൽഖർ സൽമാൻ, നിവിൻ പോളി, നസ്രിയ നസിം, പാർവ്വതി തുടങ്ങിയവർ തകർത്തഭിനയിക്കുകയും ചെയ്തു.
ഇപ്പോൾ തന്റെ പുതിയ ചിത്രത്തേക്കുറിച്ചുള്ള പ്രഖ്യാപനം നടത്തിയിരിക്കുകയാണ് അഞ്ജലി മോനോൻ. മലയാളത്തിലല്ല കേട്ടോ ചിത്രമൊരുങ്ങുന്നത്, മറിച്ച് തമിഴിലാണ്. അഞ്ജലിയുടെ ആദ്യ തമിഴ് ചിത്രം കൂടിയാകും ഈ പ്രോജക്ട്. ചിത്രം നിർമ്മിക്കുന്നത് കെആർജി സ്റ്റുഡിയോയാണ്. നമുക്ക് ഒരുമിച്ച് മനോഹരമായ ഒരു സിനിമ ഒരുക്കാം എന്ന് പറഞ്ഞ് എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനയും ആവശ്യപ്പെട്ട താരത്തിന് മികച്ച പിൻതുണയാണ് അരാധകർ നൽകുന്നത്.
ചിത്രത്തിന്റെ കൂടുതൽ വിവരങ്ങളൊന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല. 2018-ൽ പുറത്തിറങ്ങിയ ‘കൂടെ’യാണ് അഞ്ജലിയുടേതായി അവസാനം തിയേറ്ററുകളിലെത്തിയ സിനിമ. എന്നാൽ 2022-ൽ പുറത്തിറങ്ങിയ ‘വണ്ടർ വുമൻ’ എന്ന സിനിമയാണ് അഞ്ജലി അവസാനമായി സംവിധാനം ചെയ്തത്. സോണി ലിവ്വിലൂടെയായിരുന്നു ചിത്രം റിലീസ് ചെയ്തത്.