ബോളിവുഡിലും ചർച്ചയായി സംഗീത സംവിധായകൻ അനിരുദ്ധ്. ഷാറുഖ് ഖാനെ കേന്ദ്രകഥാപാത്രമാക്കി അറ്റ്ലി സംവിധാനം ചെയ്യുന്ന ജവാൻ എന്ന ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത് അനിരുദ്ധാണ്. ചിത്രത്തിന്റെ ടീസർ പുറത്ത് ഇറങ്ങിയതോടെ അനിരുദ്ധിന്റെ സംഗീതവും ബോളിവുഡിൽ ചർച്ചയായിട്ടുണ്ട്.
ഇപ്പോഴിതാ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന സംഗീത സംവിധായകൻ എന്ന റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് അനിരുദ്ധ്. തമിഴ് മാധ്യമങ്ങൾ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം 10 കോടി രൂപയാണ് അനിരുദ്ധിന്റെ പ്രതിഫലം. എ.ആർ റഹ്മാൻ എട്ട് കോടി രൂപയാണ് ഒരു ചിത്രത്തിനായി വാങ്ങുന്നത്. പുറത്തു വരുന്ന റിപ്പോർട്ട് ശരിയാണെങ്കിൽ ഇന്ത്യൻ സിനിമാ ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന സംഗീത സംവിധായകനാണ് ഇപ്പോൾ അനിരുദ്ധ്.
2012 ൽ പുറത്ത് ഇറങ്ങിയ ധനുഷ് ചിത്രമായ ‘ത്രീ’യിലൂടെയാണ് അനിരുദ്ധ് സിനിമാ സംഗീത സംവിധാന രംഗത്തേക്ക് എത്തിയത്. ആദ്യ ചിത്രത്തിലെ ഗാനങ്ങളെല്ലാം തന്നെ സൂപ്പർ ഹിറ്റായിരുന്നു. പിന്നീട് ചെയ്ത എല്ലാ ചിത്രങ്ങളിലെ പാട്ടുകളും വൻ ഹിറ്റുകളായിരുന്നു. ഇപ്പോൾ എസ്. ആർ.കെയുടെ ജവാൻ കൂടാതെ വിജയുടെ ലിയോ, രജനികാന്ത് ചിത്രം ജയിലർ, കമൽഹാസന്റെ ഇന്ത്യൻ 2, അജിത് ചിത്രം, ജൂനിയർ എൻ.ടി.ആറിന്റെ ദേവര, തുടങ്ങിയ ബിഗ് ബജറ്റ് ചിത്രങ്ങൾക്ക് സംഗീതമൊരുക്കുന്നത് അനിരുദ്ധാണ്.