ഇത് പുതു ചരിത്രം! ഇന്ത്യയുടെ ചരിത്രത്തിൽ സുവർണ ലിപികളാൽ എഴുതിവയ്‌ക്കപ്പെടേണ്ട ഒരു നേട്ടം കൂടി. കാൻ ഫിലിം ഫെസ്റ്റിവലിലെ അൺ സെർട്ടെൻ റിഗാർഡ് സെഗ്‌മെൻ്റിൽ മികച്ച നടിക്കുള്ള പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യക്കാരി എന്ന നേട്ടം സ്വന്തമാക്കി ഇന്ത്യയുടെ യശസ്സ് ഉയർത്തിയിരിക്കുകയാണ് നടി അനസൂയ സെൻഗുപ്ത. ബൾഗേറിയൻ സംവിധായകൻ കോൺസ്റ്റൻ്റെെൻ ബൊചാനോവ് ഒരുക്കിയ ഇന്ത്യൻ ചിത്രം ‘ദി ഷെയിംലെസ്സ്’ എന്ന ചിത്രത്തിലെ അവിസ്മരണീയമായ അഭിനയത്തിനാണ് പുരസ്കാരം.
ഡൽഹിയിലെ ഒരു വേശ്യാലയത്തിൽ നിന്നും പോലീസുകാരനെ ആക്രമിച്ചതിന് ശേഷം രക്ഷപ്പെടുന്ന ലൈംഗികത്തൊഴിലാളിയുടെ യാത്രയാണ് ‘ദി ഷെയിംലെസ്സ്’ പറയുന്നത്. ക്വിയർ കമ്മ്യൂണിറ്റിക്കും മറ്റ് പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങൾക്കും പുരസ്കാരം ഏറ്റുവാങ്ങിയതിന് ശേഷം അനസൂയ സെൻ ഗുപ്ത പറഞ്ഞു.
മറ്റൊരു ചരിത്ര നേട്ടത്തിലേക്ക് കൂടി ഇന്ത്യ കണ്ണും നട്ടിരിക്കുകയാണ്. കാൻ ഫിലിം ഫെസ്റ്റിവലിലെ ഏറ്റവും വിലയേറിയ അംഗീകാരം ലഭിക്കുന്ന ഗോൾഡൻ പാമിന് (പാം ദോർ) ഇന്ത്യയിൽ നിന്ന് ‘ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്’ മത്സരിക്കുന്നുണ്ട്. മുപ്പതു വർഷങ്ങൾക്കു ശേഷമാണ് ഒരു ഇന്ത്യൻ സിനിമ ഗോൾഡൻ പാമിന് കാൻ ഫിലിം ഫെസ്റ്റിവലിലേക്ക് മത്സരിക്കുന്നത് എന്ന പ്രത്യേകതയും പുരസ്‌കാര പ്രഖ്യാപനത്തിനായുള്ള കാത്തിരിപ്പിന് ആക്കം കൂട്ടുന്നുണ്ട്. പായൽ കപാഡിയ ആണ് ചിത്രത്തിന്റെ സംവിധാനം. ആദ്യമായാണ് ഒരു ഇന്ത്യൻ വനിത കാനിലെ ഗ്രാൻഡ് പ്രൈസ് മത്സര വിഭാഗത്തിലേക്ക് യോഗ്യത നേടുന്നത് എന്നത് മറ്റൊരു പ്രത്യേകത. ഇന്ത്യൻ സിനിമകൾ ലോകം കീഴടക്കുന്നത് കണ്ട് സന്തോഷത്തിലാണ് ഓരോ ഇന്ത്യക്കാരും.