പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കുന്ന അഫ്ഗാനിസ്ഥാനിൽ വിദ്യാഭ്യാസത്തിനായി പിതാവിനോട് തർക്കിക്കുകയാണ് ഒരു ബാലിക. സ്കൂളിൽ പോകാനുള്ള തന്റെ ആഗ്രഹം സാധിക്കുന്നതിനായി പിതാവുമായി വാഗ്വാദത്തിലേർപ്പെട്ട അഫ്ഗാൻ ബാലികയുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. വീഡിയോ തരംഗമായി മാറിയതോടെ നിരവധി പേരാണ് പെൺകുട്ടിയെ അഭിനന്ദിച്ച് എത്തിയിരിക്കുന്നത്.
മകളോട് പിതാവ് എന്താണ് അസ്വസ്ഥയായിരിക്കുന്നത് എന്ന് ചോദിച്ചുകൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. തന്നെ ഇനി സ്കൂളിൽ വിടുന്നില്ലെന്ന് പിതാവ് പറഞ്ഞതിനാലാണെന്നാണ് അവൾ അതിന് മറുപടി നൽകുന്നത്. വിദ്യാഭ്യാസം ആൺകുട്ടികൾക്ക് മാത്രമായതിനാൽ ഇനി സഹോദരനെ മാത്രമേ സ്കൂളിൽ വിടുകയുള്ളു എന്ന വിശദീകരണമാണ് പിതാവ് നൽകുന്നത്. എന്നാൽ അതോടെ പിതാവിനോട് കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ച് യുദ്ധവും നാശവും പുരുഷന്മാരാണ് ചെയ്യുന്നതെന്ന് പറഞ്ഞ് കാബൂളും കാണ്ഡഹാറും ഉദാഹരണമായെടുത്ത് പിതാവിനെ അവൾ വെല്ലുവിളിക്കുകയാണ്.
സ്ത്രീകൾ ഇത്തരത്തിലുള്ള നാശങ്ങളൊന്നും വിതയ്ക്കുന്നില്ലെന്നും പിന്നെയെന്തിനാണ് സ്കൂളിൽ പോകരുതെന്ന് പറയുന്നതെന്നും അവൾ പിതാവിനോട് കയർത്ത് ചോദിക്കുന്നുണ്ട്. ഒരു ഡോക്ടറോ, എഞ്ചിനീയറോ, ടീച്ചറോ ആകണമെന്ന അതിയായ ആഗ്രഹമുണ്ട് തനിക്കെന്നും രാജ്യത്തെ പുനർനിർമ്മിക്കേണ്ടതുണ്ടെന്നും അവൾ സധൈര്യം പിതാവിന്റെ മുഖത്തുനോക്കി പറയുന്നുണ്ട്. മകളെ പ്രകോപിതയാക്കാൻ ഇതിന് മറപടിയായി സ്കൂളുകൾ ആൺകുട്ടികൾക്ക് മാത്രമുള്ളതാണെന്ന് പിതാവ് പറയുമ്പോൾ വിദ്യാഭ്യാസം എല്ലാവർക്കും ഉള്ളതാണെന്നും അവിടെ ലിംഗഭേദമില്ലെന്നും ആ ബാലിക ശക്തമായി വ്യക്തമാക്കി. ഭാവിയേക്കുറിച്ചുള്ള ആ ബാലികയുടെ വീക്ഷണത്തെയും ആത്മവിശ്വാസത്തെയും കയ്യടിയോടെയാണ് ലോകം ഏറ്റെടുത്തത്.