മലയാള സിനിമയ്ക്ക് ഒരു പുതിയ ഗായിക കൂടി. നവാഗതനായ അര്‍ഫാസ് അയൂബ് സംവിധാനം ചെയ്യുന്ന ചിത്രമായ ലെവല്‍ ക്രോസിലൂടെ നടി അമല പോൾ ഗായികയായി അരങ്ങേറ്റം കുറിയിക്കുകയാണ്. ആസിഫ് അലിയും അമല പോളുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിശാൽ ചന്ദ്രശേഖർ ഈണം നൽകിയ പാട്ട് അതിമനോഹരമായാണ് അമല ആലപിച്ചിരിക്കുന്നത്. വരാൻ പോകുന്ന തന്റെ കുഞ്ഞിനുള്ള സമ്മാനമാണ് ഈ ഗാനമെന്നായിരുന്നു അമലയുടെ വാക്കുകള്‍.
അമലയെക്കൊണ്ട് പാടിപ്പിക്കാൻ താൻ കുറച്ച് പാടുപെട്ടെന്ന് സംവിധായകന്‍ അര്‍ഫാസ് ചിത്രത്തിന്‍റെ പ്രൊമോഷന്റെ ഭാഗമായുള്ള വാര്‍ത്താ സമ്മേളനത്തില്‍ തമാശരൂപേണ പറഞ്ഞിരുന്നു. താൻ ലൊക്കേഷനിൽ വെറുതെയിരുന്നപ്പോൾ പാടിയ മൂളിപ്പാട്ട് കേട്ടാണെന്ന് തോന്നുന്നു തന്നെകൊണ്ട് പാടിപ്പിച്ചതെന്ന് അമല അർഫസിന് മറുപടിയും നൽകി. ജിത്തു ജോസഫിന്റെ പ്രധാന സംവിധാന സഹായിയും ശിഷ്യനുമാണ് സംവിധായകൻ അർഫാസ് അയൂബ്. മോഹൻലാൽ നായകനായെത്തുന്ന റാം സിനിമയുടെ നിർമ്മാതാവും അഭിഷേക് ഫിലിംസിന്റെ ഉടമയുമായ രമേഷ് പി പിള്ളയുടെ റിലീസിന് എത്തുന്ന ആദ്യ മലയാള ചിത്രം കൂടിയാണിത്. സീതാരാമം, ചിത്ത, ഉറിയടി തുടങ്ങിയ ഹിറ്റ് സിനിമകളുടെ സംഗീത സംവിധായകനായ വിശാൽ ചന്ദ്രശേഖർ സംഗീതം ഒരുക്കുന്ന ആദ്യ മലയാള ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട്.
ലെവൽ ക്രോസിന്‍റെ കഥയും തിരക്കഥയും അർഫാസിന്റേത് തന്നെയാണ്. ആസിഫ്, അമല, ഷറഫുദ്ദീന്‍ കോമ്പിനേഷൻ ആദ്യമായി വരുന്ന ചിത്രം കൂടി ആയിരിക്കും ഇത്. ത്രില്ലര്‍ വിഭാഗത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു മേക്കോവറിലാണ് ആസിഫ് അലി എത്തുന്നത്. വിശാൽ ചന്ദ്രശേഖറിന്റെ സംഗീതത്തിന് വരികൾ എഴുതിയത് വിനായക് ശശികുമാറാണ്. ചായാഗ്രഹണം അപ്പു പ്രഭാകർ. ജെല്ലിക്കെട്ട്, ചുരുളി, നൻപകൽ നേരത്ത് മയക്കം തുടങ്ങിയ ചിത്രങ്ങളുടെ എഡിറ്റർ ആയിരുന്ന ദീപു ജോസഫ് ആണ് ഈ ചിത്രത്തിന്റെയും എഡിറ്റർ. ചിത്രം ജൂൺ രണ്ടാം വാരം തിയറ്ററുകളിലെത്തും.