ബോളിവുഡ് താരം അക്ഷയ് കുമാറിന്റെ ഏറ്റവും പുതിയ ചിത്രമായ ഓ മൈ ഗോഡ് 2 പരാജയമാണെന്ന പ്രചരണത്തിനെതിരെ പുതിയ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു. 100 കോടി രൂപയിലേക്ക് ചിത്രത്തിന്റെ കളക്ഷൻ അടുക്കുകയാണ് എന്നാണ് റിപ്പോർട്ട്. അതേസമയം ചിത്രത്തിലെ വേഷത്തിന് അക്ഷയ് ഒരു രൂപ പോലും പ്രതിഫലമായി വാങ്ങിയിട്ടില്ലെന്ന് ചിത്രത്തിന്റെ വിതരണക്കാരായ വയാകോം 18 സ്റ്റുഡിയോയുടെ സിഒഒ അജിത് അന്ധാരെ പറഞ്ഞു.
ഓ മൈ ഗോഡ്, സ്പെഷ്യൽ 26, ടോയ്ലറ്റ്: ഏക് പ്രേം കഥ മുതല്‍ അദ്ദേഹവുമായി നല്ല ബന്ധത്തിലാണ്. ക്രിയാത്മകമായും സാമ്പത്തികമായും താരം പൂർണമായും നിക്ഷേപം നടത്തിയെന്നും അജിത് അന്ധാരെ കൂട്ടിച്ചേർത്തു. അക്ഷയ് ഒരു രൂപ പോലും പ്രതിഫലം വാങ്ങിയിട്ടില്ല എന്നും അജിത് പറഞ്ഞു.
ആദ്യഭാഗത്തില്‍ കൃഷ്ണനായിട്ടാണ് അക്ഷയ് അഭിനയിച്ചതെങ്കില്‍ രണ്ടാം ഭാഗത്തില്‍ ശിവനായിരുന്നു അക്ഷയ് കുമാറിന്റെ കഥാപാത്രം. സെന്‍സര്‍ ബോര്‍ഡ് എതിര്‍പ്പ് പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ശിവന്റെ ദൂതനായി അക്ഷയുടെ കഥാപാത്രത്തെ മാറ്റുകയായിരുന്നു.ചിത്രം ഹിന്ദു ദൈവങ്ങളെ അപമാനിക്കുന്നുവെന്ന് ആരോപിച്ച് ഹിന്ദു സംഘടനകള്‍ രംഗത്തെത്തിയിരുന്നു.
അതേസമയം നായകനായ അക്ഷയ്കുമാറിനെ തല്ലുകയോ മുഖത്ത് കരി ഓയിലൊഴിക്കുകയോ ചെയ്യുന്നവര്‍ക്ക് 10 ലക്ഷം രൂപ നല്‍കുമെന്ന് രാഷ്ട്രീയ ബജ്റംഗ് ദൾ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഒരാഴ്ച കൊണ്ട് 84.72 കോടി രൂപയാണ് ചിത്രത്തിന് ലഭിച്ചത്. സെന്‍സര്‍ ബോർഡ് നിര്‍ദേശിച്ച 27 കട്ടുകള്‍ക്ക് ശേഷമാണ് ചിത്രം തിയറ്റുകളിലെത്തിയത്.