സിനിമാ പ്രേമികൾ വളരെ ആവേശത്തോടെ കാത്തിരിക്കുന്ന ടോവിനോ ചിത്രമായ എ.ആർ.എമ്മിന്റെ (അജയന്റെ രണ്ടാം മോഷണം) ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു. മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നാണ് റിപ്പോർട്ട്. നാളെയാണ് ചിത്രം അഞ്ച് ഭാഷകളിലായി ലോകമെമ്പാടുമുള്ള തിയേറ്ററുകളിലേയ്ക്ക് എത്തുന്നത്. ഏറെ കാലങ്ങൾക്ക് ശേഷം മലയാളത്തിൽ വരുന്ന 3ഡി ചിത്രമാണ് എ.ആർ.എം.
ബുക്ക് മൈ ഷോ, പേടിഎം, ടിക്കറ്റ് ന്യു, ക്യാച്ച് മൈ സീറ്റ് എന്നീ വെബ്സൈറ്റുകളിൽ നിന്നോ ആപ്പ് മുഖേനയോ ഓൺലൈനായി പ്രേക്ഷകർക്ക് ടിക്കറ്റുകൾ വാങ്ങാൻ സാധിക്കും. ഓണം റിലീസായി ചിത്രമെത്തുമെന്ന് പ്രഖ്യാപനം വന്നതുമുതൽ പ്രേക്ഷകർ വളരെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. നവാഗതനായ ജിതിൻ ലാൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ തിരക്കഥ നിർവ്വഹിച്ചിരിക്കുന്നത് സുജിത് നമ്പ്യാരാണ്.
മാജിക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും യുജിഎം മോഷൻ പിക്ച്ചേഴ്സിന്റെ ബാനറിൽ ഡോക്ടർ സക്കറിയ തോമസും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്. ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, ഹരീഷ് പേരടി, കബീർ സിങ്, പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.