നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളികളുടെ പ്രിയ താരം ജോമോള്‍ വീണ്ടും വെള്ളിത്തിരയിലേക്ക് മടങ്ങിവരുന്നു. രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്യുന്ന ‘ജയ് ഗണേഷ്’ എന്ന ചിത്രത്തിലൂടെയാണ് ജോമോൾ മലയാള സിനിമയിലേയ്ക്ക് തിരിച്ചുവരുന്നത്. ഉണ്ണി മുകുന്ദനാണ് ചിത്രത്തിലെ നായകൻ. ഉണ്ണി തന്നെയാണ് ചിത്രത്തിലെ ജോമോളുടെ ക്യാരക്ടർ പോസ്റ്റർ പങ്കുവെച്ചുകൊണ്ട് ഇക്കാര്യം അറിയിച്ചത്.
എന്ന് സ്വന്തം ജാനകിക്കുട്ടി, നിറം, മയിൽപ്പിലിക്കാവ്, പഞ്ചാബി ഹൗസ് തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസിൽ ഇടംനേടിയ താരമാണ് ജോമോൾ. ഒരു വടക്കൻ വീരഗാഥ എന്ന ചിത്രത്തിൽ ഉണ്ണിയാർച്ചയുടെ കുട്ടിക്കാലം അവതരിപ്പിച്ചുകൊണ്ടാണ് സിനിമയിലേയ്ക്ക് താരം കടന്നുവരുന്നത്. എന്ന് സ്വന്തം ജാനകിക്കുട്ടി എന്ന സിനിമയിലെ ജാനകിക്കുട്ടി എന്ന കഥാപാത്രത്തിലൂടെ ജോമോൾക്ക് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരവും ദേശീയ ചലച്ചിത്ര പുരസ്കാരത്തില്‍ പ്രത്യേക ജൂറി പരാമർശവും ലഭിച്ചിരുന്നു. 2017-ല്‍ പുറത്തിറങ്ങിയ കെയര്‍ഫുള്ളാണ് താരത്തിന്റെ അവസാന ചിത്രം.
രഞ്ജിത് ശങ്കറും ഉണ്ണി മുകുന്ദനും ചേർന്നാണ് ജയ് ഗണേഷ് നിർമ്മിക്കുന്നത്. ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ മൂന്നാമത്തെ ചിത്രമാണ് ജയ് ഗണേഷ്. മഹിമ നമ്പ്യാർ, രവീന്ദ്ര വിജയ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.