മെലിഞ്ഞ് അസ്ഥിപരുവമായ രൂപം, നീണ്ടുവളർന്ന താടിയും മുടിയും വർഷങ്ങളായി വെള്ളം കണ്ടിട്ടെന്ന് തോന്നിപ്പിക്കുന്ന തരത്തിൽ മേലാകെ പൊടി പടലങ്ങൾ. ആദ്യ കാഴ്ചയിൽ ഇത് പൃഥ്വിരാജ് തന്നെയാണോ എന്ന് തോന്നിപ്പോകും. ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതത്തിലെ പൃഥ്വിരാജിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ് ഈ ഫോട്ടോ.
തന്റെ കരിയറിൽ ഇതാദ്യമാകും പൃഥ്വിരാജ് ഇത്തരത്തിലൊരു മാറ്റത്തിലേക്ക് എത്തിയിരിക്കുന്നത്. മുൻപ് പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിൽ തന്നെ എത്രത്തോളം ഡെഡിക്കേഷനാണ് സിനിമയ്ക്ക് വേണ്ടി പൃഥ്വി എടുത്തതെന്ന് വ്യക്തമായിരുന്നു. ഫോട്ടോ പുറത്തുവന്നതിന് പിന്നാലെ പ്രശംസയുമായി ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.
മലയാളികൾ ഒന്നടങ്കം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആടുജീവിതം. മലയാളത്തിലെ എക്കാലത്തെയും ജനപ്രിയ നോവലുകളിലൊന്നായ, ബെന്യാമിന്റെ ആടുജീവിതം ആണ് സിനിമ ആകുന്നത്. ലോകസിനിമയ്ക്ക് മുന്നിൽ മലയാള സിനിമയെ അടയാളപ്പെടുത്തുന്നതാകും ചിത്രമെന്നാണ് പ്രേക്ഷക വിലയിരുത്തലുകൾ. 2018 ഫെബ്രുവരിയിൽ പത്തനംതിട്ടയിലായിരുന്നു ആടുജീവിതത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. ശേഷം 2022 ജൂലൈയിൽ ചിത്രത്തിന് പാക്കപ്പാവുകയും ചെയ്തു. റസൂല്‍ പൂക്കുട്ടിയാണ് സിനിമയുടെ സൗണ്ട് ഡിസൈനര്‍.