‘ആദിപുരുഷ്’ സിനിമയ്ക്കെതിരെ രൂക്ഷ വിമർശനവുമായി അലഹബാദ് ഹൈക്കോടതി. സിനിമയിലെ സംഭാഷണങ്ങൾ മതവികാരത്തെ വ്രണപ്പെടുത്തുന്ന രീതിയിലുള്ളതാണ്. വലിയ ഒരു വിഭാഗം പ്രേക്ഷകരെ ഇത് അസ്വസ്ഥരാക്കിയിട്ടുണ്ടെന്ന് കോടതി നിരീക്ഷിച്ചു. വിഷയത്തിൽ സഹ എഴുത്തുകാരൻ മനോജ് മുന്തസിർ ശുക്ലയ്ക്ക് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ഒരാഴ്ചക്കുള്ളിൽ നോട്ടീസിന് മറുപടി നൽകിയില്ലെങ്കിൽ നടപടിയുണ്ടാവുമെന്നും കോടതി അറിയിച്ചു.
ആദിപുരുഷ് സിനിമ നിരോധിക്കണം എന്ന ആവശ്യമുന്നയിച്ചുകൊണ്ട് നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. സിനിമയിലെ സംഭാഷണങ്ങളിൽ ഗുരുതരമായ പ്രശ്നങ്ങളുണ്ട്. രാമായണം ഒരു അതുല്യ മാതൃകയാണ്. അങ്ങനെയുള്ളവയെ ഒരിക്കലും സിനിമ തൊടരുത്. സെൻസർ ബോർഡ് അവരുടെ കടമ നിർവഹിക്കുന്നുണ്ടോ എന്ന് സംശയമുണ്ട്. സിനിമ കണ്ടിട്ട് ആളുകൾ നിയമം കsaയ്യിലെടുക്കാത്തത് നല്ല കാര്യം. ചില സീനുകൾ അഡൾട്ട്സ് ഒൺലിയാണ്. ഇങ്ങനെയുള്ള സിനിമകൾ കാണാൻ വലിയ ബുദ്ധിമുട്ടുണ്ടെന്നും അലഹബാദ് ഹൈക്കോടതി പറഞ്ഞു.
സിനിമയ്ക്കെതിരെയുള്ള വിമർശനം ശക്തമാവുകയാണ്. മാത്രമല്ല മാർവൽ സ്റ്റുഡിയോസിൻ്റെ തോർ എന്ന സിനിമയിൽ ഉപയോഗിച്ചിരിക്കുന്ന ലൊക്കേഷനും വിഎഫ്എക്സും ആദിപുരുഷ് അതേപടി കോപ്പിയടിച്ചിരിക്കുകയാണ് എന്നാണ് നെറ്റിസൺസ് പറയുന്നത്. ഇതിനെ സാധൂകരിക്കുന്ന തരത്തിലുള്ള തെളിവുകളും ട്വിറ്ററിൽ പ്രചരിക്കുന്നുണ്ട്.
തോർ സിനിമയിലെ പ്രധാന ലോകമായ അസ്ഗാർഡിൽ നിന്നാണ് ആദിപുരുഷ് രാവണൻ്റെ ലങ്ക കോപ്പിയടിച്ചിരിക്കുന്നത്. അസ്ഗാർഡിന് സ്വർണ നിറമാണെങ്കിൽ ഇവിടെ ലങ്ക കറുപ്പുനിറത്തിലാണ്. മാത്രമല്ല, ആദിപുരുഷിലെ ആദ്യ സംഘട്ടനം നടക്കുന്ന സ്ഥലം ജംഗിൾ ബുക്കിലെ സ്ഥലം പോലെയാണെന്നും വാനരസേന കോംഗ് സിനിമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ചെയ്തതാണെന്നും നെറ്റിസൺസ് ആരോപിക്കുന്നു.
ഇന്ത്യയിലെ ഏറ്റവും മുതൽമുടക്കേറിയ ചിത്രങ്ങളിലൊന്നാണ് ആദിപുരുഷ്. ചിത്രത്തിന്റെ നിർമാണത്തിന് വേണ്ടി ചിലവാക്കിയതിൽ 250 കോടിയും വിഎഫ്എക്സിനു വേണ്ടിയാണ്. 120 കോടിയാണ് പ്രഭാസിന്റെ മാത്രം പ്രതിഫലം. ടി-സീരിസ്, റെട്രോഫൈൽ ബാനറിൽ ഭൂഷൺ കുമാറും കൃഷ്ണകുമാറും ഓം റൗട്ടും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സാഹോയ്ക്കും രാധേശ്യാമിനും ശേഷം നിർമാതാവ് ഭൂഷൺ കുമാറുമായുള്ള പ്രഭാസിന്റെ മൂന്നാമത്തെ ചിത്രം കൂടിയാണിത്.