മലയാളികൾക്ക് എക്കാലവും പ്രിയപ്പെട്ട താരമാണ് മീന. തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലുമായി സൂപ്പർസ്റ്റാറുകളുടെ ഉൾപ്പെടെ നായികയായി വേഷമിട്ട മീന മലയാള സിനിമാ ജീവിതത്തിലെ 40 വർഷം പൂർത്തിയാക്കുകയാണ്. 40 വർഷങ്ങൾ നീണ്ട മലയാള സിനിമാ ജീവിതത്തിൽ തന്റേടിയായും അഹങ്കാരിയായും ഉത്തമയായ ഭാര്യയായും കാമുകിയായുമെല്ലാം മീന ആടിത്തിമർത്തു.
1984 ൽ ഇറങ്ങിയ ‘ഒരു കൊച്ചു കഥ ആരും പറയാത്ത കഥ’ എന്ന സിനിമയിലൂടെ ബാലതാരമായാണ് മീന മലയാള സിനിമയിൽ തുടക്കം കുറിച്ചത്. പിന്നീടങ്ങോട്ട് മീന അഭിനയിച്ച കഥാപാത്രങ്ങൾ മലയാള പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. മമ്മൂട്ടി, മോഹൻലാൽ, ജയറാം, ശ്രീനിവാസൻ, സുരേഷ് ഗോപി, മുകേഷ് തുടങ്ങിയ മുൻനിര നടന്മാരുടെയെല്ലാം നായികയായി താരം തിളങ്ങി.
40 വർഷമായി നായികയായി തുടരുന്നതിന്റെ സന്തോഷം മീന സാമൂഹ്യമാധ്യമത്തിലൂടെ ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്. ഇന്റസ്ട്രിയിൽ തനിക്ക് തൻ്റേതായ ഇടം കണ്ടെത്താൻ കഴിഞ്ഞതിന് കാരണം തന്റെ സംവിധായകരും നിർമ്മാതാക്കളും സഹതാരങ്ങളും ആരാധകരുമാണെന്നാണ് മീന പറയുന്നത്. 40 വർഷമായി നൽകിക്കൊണ്ടിരിക്കുന്ന സ്നേഹത്തിനും പിന്തുണയ്ക്കും ആരാധകരോട് താരം നന്ദിയും അറിയിച്ചു.
ബ്രോ ഡാഡിക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തിയ മീന ഇതുവരെ അവതരിപ്പിച്ചിട്ടില്ലാത്ത ശക്തമായ വേഷത്തിലാണ് പുതുവർഷത്തിൽ പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. ജയ ജോസ് രാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ആനന്ദപുരം ഡയറീസ്’ എന്ന സിനിമയിലൂടെയാണ് മീന വീണ്ടും മലയാളി പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. വളരെ നാളുകൾക്ക് ശേഷം കോളേജിലേക്ക് പഠിക്കാനെത്തുന്ന കഥാപാത്രത്തെയാണ് ‘ആനന്ദപുരം ഡയറീസ്’ എന്ന സിനിമയിൽ മീന അവതരിപ്പിക്കുന്നത്. വരും വർഷങ്ങളിലും മലയാളത്തിൽ മികച്ച വേഷങ്ങൾ ചെയ്യാൻ താരത്തിന് സാധിക്കട്ടെയെന്നാണ് അരാധകർ ആശംസിക്കുന്നത്.