മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട താരമാണ് നടി ആനി. ആറ്റുകാൽ പൊങ്കാലയ്ക്കെത്തിയ ആനി മനസ് തുറന്ന് സംസാരിച്ചപ്പോൾ കേരളം ഒന്നടങ്കമാണ് ദു:ഖത്തിലായത്. മലയാളികളെ കുടുകുടാ ചിരിപ്പിച്ച പ്രിയനടി കല്പനയേക്കുറിച്ചോർത്താണ് ആനി പൊങ്കാല സമർപ്പണത്തിനിടെ വിങ്ങിയത്. ഇപ്പോൾ താൻ ഏറ്റവുമധികം മിസ് ചെയ്യുന്നത് കൽപ്പനയെയാണെന്നാണ് ആനി തുറന്നുപറഞ്ഞത്.
മരണം വരെ മുടങ്ങാതെ പൊങ്കാല ഇടാൻ എത്താറുണ്ടായിരുന്ന കല്പന ചേച്ചി ഇല്ലാത്ത പൊങ്കാല എന്നും ഒരു വേദനയാണ് എന്ന് താരം ദു:ഖത്തോടെ പറഞ്ഞപ്പോൾ കേട്ടിരുന്നവരുടെ ഉൾപ്പെടെ കണ്ണുകൾ ഈറനണിഞ്ഞു. “ഞാനും കല്പന ചേച്ചിയും ചിപ്പിയും എല്ലാക്കൊല്ലവും പൊങ്കാലയ്ക്ക് കാണും. ഇത്തവണ പോകുന്നുണ്ടോയെന്ന് ചോദിച്ച് ജലജ ചേച്ചി വിളിച്ചിട്ടുണ്ടായിരുന്നു. ഞങ്ങൾ അവിടെ ഏറ്റവും മിസ് ചെയ്യുന്നത് കൽപ്പന ചേച്ചിയെയാണ്. കൽപ്പന ചേച്ചി താഴെയിരുന്നിട്ട് “നീ എന്ത് ചെയ്തു” എന്നൊക്കെ വിളിച്ച് ചോദിക്കും. ഞങ്ങൾ ചേച്ചിയുടെ അടുത്ത് പോകും, ചേച്ചി ഞങ്ങളുടെ അടുത്തേയ്ക്ക് വരും. ഇപ്പോൾ ആ ഓർമ്മകകൾ ഒരു വേദനയാണ്” എന്നാണ് ആനി പറഞ്ഞത്.
ലോകത്തിന്റെ ഏത് കോണിലായാലും മരിക്കുന്നത് വരെ പൊങ്കാല സമർപ്പണത്തിനായി കല്പന എത്താറുണ്ടായിരുന്നു. കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പം പൊങ്കാലയർപ്പിച്ച് സന്തോഷ മുഹൂർത്തങ്ങൾ പങ്കിടുന്ന കല്പനയെ മറക്കാൻ ഇന്നും മലയാളികൾ സാധിച്ചിട്ടില്ല. ആ ഓർമ്മകൾ ഒരു നോവായി എന്നും അവശേഷിക്കും.