ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച നടിയാണ് അന്ന രാജൻ. ചിത്രം വിജയിച്ചതോടെ അന്നയും സ്റ്റാറായി മാറി. ചിത്രത്തിൽ ലിച്ചി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അന്നയുടെ യഥാർത്ഥ പേര് പോലും ആരാധകർ മറന്നു എന്ന് പറഞ്ഞാലും അതിൽ തെറ്റില്ല. കാരണം ഇന്നും ലിച്ചി എന്ന പേരിലാണ് താരം അറിയപ്പെടുന്നത്.
അഭിനയത്തിന് പുറമെ മോഡലിങ്ങിലും തല്പരയായ അന്ന ഒരു അഭിമുഖത്തിനിടെ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ നിറയുന്നത്. ലാലേട്ടൻ വരുമ്പോൾ ചന്ദനത്തിന്റെ മണമാണെന്നും ഗന്ധർവ്വൻ വരുന്നതുപോലെയാണ് തോന്നുകയെന്നുമാണ് അന്ന പറഞ്ഞത്. ഇത് കേൾക്കേണ്ട താമസം ട്രോളന്മാർ അത് ഏറ്റെടുക്കുകയും ചെയ്തു. “ലാലേട്ടനെ എനിക്ക് അത്ര പേടിയുണ്ടായിരുന്നില്ല. വളരെ സീരിയസായ കാര്യങ്ങളാണെങ്കിലും അദ്ദേഹം പറയുന്നത് അത്രയും കോമഡിയായിരിക്കും. അദ്ദേഹം എല്ലാ കാര്യങ്ങളും കോമിക്ക് രീതിയിലാണ് അവതരിപ്പിക്കുക. ഭയങ്കര വൈബ് കൊണ്ട് വരും.
ലാലേട്ടനെക്കുറിച്ച് ഓർക്കുമ്പോൾ തന്നെ ഷൂട്ടിങ് സെറ്റിലേക്കുള്ള അദ്ദേഹത്തിന്റെ എൻട്രിയാണ് മനസിൽ നിറയുന്നത്. ലാലേട്ടൻ വരുന്നുവെന്ന് അറിഞ്ഞപ്പോൾ ജസ്റ്റ് ജനലിലൂടെ നോക്കുമ്പോൾ ചന്ദനത്തിന്റെ മണമാണ് ആദ്യമെത്തുക. ഏതോ ഒരു ഗന്ധർവൻ വരുന്ന ഒരു ഫീലായിരുന്നു അദ്ദേഹം കയറി വന്നപ്പോൾ. അപ്പോൾ നമ്മൾ ഷൂട്ട് കഴിഞ്ഞ് നല്ല ടയേർഡ് ആയിരിക്കും. പക്ഷെ അദ്ദേഹം കയറി വരുമ്പോൾ ഒരു ഭയങ്കര എനർജിയാണ് നമ്മൾക്ക് കിട്ടുക. എല്ലാവരും പറഞ്ഞ് കേട്ടിട്ടുണ്ട് ലാലേട്ടൻ കയറി വരുമ്പോൾ ഒരു പോസിറ്റീവ് വൈബാണെന്ന്. അത് സത്യമാണ്” എന്നാണ് അന്ന രാജൻ പറഞ്ഞത്.
എന്നാൽ അഭിമുഖം പുറത്തുവന്നതോടെ അന്നയുടെ വാക്കുകൾ വൈറലാകുകയും ചെയ്തു. പലവിധത്തിലുള്ള ട്രേളുകളാണ് സാമൂഹ്യമാധ്യമങ്ങളിൽ ഇത് സംബന്ധിച്ച് പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നത്. സിനിമയിലേക്ക് കടക്കുന്നതിന് മുമ്പ് ആലുവയിലെ രാജഗിരി ആശുപത്രിയിൽ നഴ്സായി ജോലി ചെയ്യുകയായിരുന്നു അന്ന. ഇതുവരെ പതിനൊന്നോളം സിനിമകളിലാണ് താരം അഭിനയിച്ചത്.