നടൻ വിജയകുമാർ വീട്ടിൽ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തുന്ന വീഡിയോ പങ്കുവച്ച് വിജയകുമാറിന്റെ മകളും നടിയുമായ അർഥന ബിനു. വിജയകുമാർ നടിയുടെ വീട്ടിലെത്തി ജനൽ വഴി ഭീഷണിപ്പെടുത്തിയ ശേഷം മതിൽ ചാടി കടന്നുപോകുന്ന വിഡിയോയാണ് അർഥന സമൂഹ മാധ്യമത്തിൽ പങ്കുവച്ചത്. നേരത്തേ വിജയകുമാർ നടിയെയും അമ്മയെയും സഹോദരിയെയും ഭീഷണിപ്പെടുത്തുന്നതിനെതിരെ പൊലീസിൽ അർഥന പരാതി നൽകിയിരുന്നു. ഈ കേസ് നിലനിൽക്കുമ്പോഴാണ് വീണ്ടും അതിക്രമം നടത്തുന്നതെന്ന് അർഥന പറഞ്ഞു. അമ്മൂമ്മ നടിയെ കൊണ്ടുനടന്ന് വിൽക്കുകയാണെന്നും സിനിമയിൽ അഭിനയിക്കുന്നത് നിർത്തിയില്ലെങ്കിൽ നശിപ്പിക്കാൻ ഏതറ്റം വരെയും പോകുമെന്നും വിജയകുമാർ ഭീഷണിപ്പെടുത്തിയതായും താരം കൂട്ടിച്ചേർത്തു.
അതേസമയം അർഥനയുടെ ഷൂട്ടിങ് പൂർത്തിയാക്കിയ സിനിമയുടെ പ്രവർത്തകരെയും വിജയകുമാർ അസഭ്യം പറഞ്ഞിട്ടുണ്ട്. കൂടാതെ വീട്ടിൽ കയറി ഭീഷണിപ്പെടുത്തുന്നതിനെതിരെയും പൊലീസിൽ പരാതി പറഞ്ഞിട്ടും ഒരു സഹായവും ലഭിക്കാത്തതുകൊണ്ടാണ് സമൂഹമാധ്യമത്തിൽ വിഡിയോ പങ്കുവയ്ക്കുന്നതെന്നും അർഥന പറഞ്ഞു. ഇന്ന് ഇയാൾ വീടിന്റെ കോമ്പൗണ്ടിലേക്ക് അതിക്രമിച്ചുകയറി. വാതിൽ പൂട്ടിയിരുന്നതിനാൽ ജനലിലൂടെ നോക്കിയാണ് ഭീഷണിപ്പെടുത്തിയത്. സഹോദരിയെയും മുത്തശ്ശിയെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നത് കേട്ടപ്പോൾ അയാളോട് സംസാരിച്ചു. സിനിമയിൽ അഭിനയിക്കുന്നത് നിർത്തണമെന്നായിരുന്നു ആവശ്യം. അനുസരിച്ചില്ലെങ്കിൽ ഏതറ്റം വരെയും പോകുമെന്നും ഭീഷണിപ്പെടുത്തി. അഭിനയിക്കണമെങ്കിൽ അയാൾ പറയുന്ന സിനിമകളിൽ മാത്രം അഭിനയിക്കാമെന്നും അയാൾ പറഞ്ഞുവെന്ന് അർഥന പറഞ്ഞു.
ജനലിൽ മുട്ടി അട്ടഹസിക്കുകയായിരുന്നു നടൻ. ജീവിക്കാൻ വേണ്ടി മുത്തശ്ശി അർഥനയെ വിൽക്കുകയാണെന്നാണ് വിജയകുമാർ ആരോപിക്കുന്നത്. ഇപ്പോൾ ഷൂട്ടിങ് പൂർത്തിയാക്കിയ താരത്തിന്റെ മലയാളം സിനിമയുടെ ടീമിനെയും നടൻ വിളിച്ച് വഴക്ക് പറഞ്ഞു. കൂടാതെ അമ്മയുടെ ജോലി സ്ഥലത്തും സഹോദരിയുടെ വിദ്യാഭ്യാസ സ്ഥാപനത്തിലും കയറി അഴിഞ്ഞാടുന്നതിനും എതിരെ നടിയും അമ്മയും ഇദ്ദേഹത്തിനെതിരെ ഫയൽ ചെയ്ത ഒരു കേസ് കോടതിയിൽ നിലനിൽക്കുമ്പോഴാണ് ഇതെല്ലാം സംഭവിക്കുന്നത്. സഹായത്തിനായി പൊലീസ് സ്റ്റേഷനിൽ ഏകദേശം 9:45 ന് വിളിച്ചിട്ടും ആരും ഇതുവരെ ഒരു നടപടിയും സ്വീകരിക്കാത്തതിനാലാണ് ഈ പോസ്റ്റ് ഇടുന്നതെന്നും അർഥന കുറിച്ചു.