താര ആരാധന അതിരുകടക്കുമ്പോഴുണ്ടാകുന്ന പല അപകടങ്ങളേക്കുറിച്ചും ദിനംപ്രതി വാർത്തകൾ ഉയരുന്നതാണ്. ഇപ്പോൾ ദളപതി വിജയിക്കാണ് ആരാധകരുടെ അമിത സ്നേഹം വിനയായത്. പുതിയ സിനിമയുടെ ചിത്രീകരണത്തിനായി ഇന്നലെ തിരുവന്തപുരത്തെത്തിയ താരത്തെ കാണാൻ കാത്തിരുന്ന ആരാധകരുടെ തിക്കിലും തിരക്കിലും വിജയിയുടെ കാർ തകരുകയായിരുന്നു.
ചെന്നൈയിൽ നിന്ന് പുറപ്പെട്ട ചാർട്ടേർഡ് വിമാനം വൈകിട്ട് അഞ്ച് മണിക്കാണ് തിരുവനന്തപുരത്ത് എത്തിയത്. താരത്തെ ഒരു നോക്ക് കാണാൻ തിരുവന്തപുരം ആഭ്യന്തര ടെർമിനലിൽ ജനസാഗരം തന്നെയായിരുന്നു തടിച്ചുകൂടിയിരുന്നത്. ബാനറുകളും ഫ്ളെക്‌സ് ബോർഡുകളുമായി ആരാധകർ ഉച്ചമുതൽ വിമാനത്താവളത്തിൽ കാത്തുനിൽക്കുന്നുണ്ടായിരുന്നു. ഒടുവിൽ വിമാനത്താവളത്തിൽ നിന്ന് പുറത്തുവന്ന വിജയ് കയറിയ കാറിൻ്റെ ചില്ല് ആരാധകരുടെ തള്ളിക്കയറ്റത്തിൽ തകരുകയും ചെയ്തു. കാർ പുറത്തേയ്ക്ക് വന്നതോടെ ആരാധകർ ആവേശത്തോടെ കാറിന് മുകളിയേയ്ക്ക് ചാടി വീഴുകയായിരുന്നു. അപകടത്തിൽ താരത്തിന് പരിക്കേറ്റതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന സയൻസ് ഫിക്‌ഷൻ ചിത്രമായ ‘ദ് ഗ്രേറ്റസ്‌റ്റ് ഓഫ് ഓൾ ടൈം’ (ഗോട്ട്) എന്ന സിനിമയുടെ ക്ലൈമാക്സ് രംഗങ്ങൾ ചിത്രീകരിക്കുന്നതിനായാണ് വിജയ് തിരുവനന്തപുരത്ത് എത്തിയത്. എട്ട് വർഷങ്ങൾക്ക് ശേഷം കേരളത്തിൽ ചിത്രീകരിക്കുന്ന വിജയ് ചിത്രം എന്ന പ്രത്യേകതയും ഗോട്ടിനുണ്ട്. മുമ്പ് ശ്രീലങ്കയിൽ വെച്ച് നടത്താനിരുന്ന ക്ലൈമാക്സ് രംഗത്തിന്റെ ഷൂട്ടിങ് പിന്നീട് കേരളത്തിലേയ്ക്ക് മറ്റുകയായിരുന്നു. കേരളത്തിലെ മൂന്ന് വ്യത്യസ്ത ലൊക്കേഷനുകളിൽ വെച്ചാകും ചിത്രം ഷൂട്ട് ചെയ്യുക. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്‌റ്റേഡിയവും തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളവും ലൊക്കേഷനുകളാണെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.