തമിഴകത്തെയും വിജയ് ആരാധകരുടെയും ഇപ്പോഴത്തെ പ്രധാന ചർച്ചാവിഷയം ഇളയ ദളപതിയുടെ രാഷ്ട്രീയ പ്രവേശനവും അതുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളുമാണ്. പാർട്ടിയുടെ പേരിനെ ചൊല്ലിയുള്ള തർക്കം ഒരുവശത്ത് നടക്കുമ്പോൾ പുതിയ വാർത്തയാണ് പാർട്ടിയുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത്. വിജയിയുടെ തമിഴക വെട്രി കഴകം എന്ന പാർട്ടിയിൽ രണ്ട് കോടി അംഗങ്ങളെ ചേർക്കണമെന്നാണ് നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനായി നെട്ടോട്ടമോടുകയാണ് അണികൾ.
ഇതുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിലുടനീളം ജില്ലാ-ബൂത്തുതലങ്ങളിൽ അംഗത്വ കാമ്പയിൻ ശക്തമാക്കാനാണ് നീക്കം. പാർട്ടിയിലേക്ക് കൂടുതൽ സ്ത്രീകളെ ചേർക്കാനായി സ്ത്രീകളുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ തന്നെയാണ് നിയോഗിക്കുക. കന്നിവോട്ട് ചെയ്യുന്ന സ്ത്രീകൾക്ക് പാർട്ടിയിൽ സജീവ അംഗത്വം നൽകാനും വിജയ് പ്രത്യേക നിർദേശം നൽകിയതായി പാർട്ടിയുടെ ജനറൽ സെക്രട്ടറി ബുസി ആനന്ദ് വ്യക്തമാക്കി. പ്രവർത്തനങ്ങൾ അതിവേഗം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഉടൻ മൊബൈൽ ആപ്പും പുറത്തിറക്കും.
അതേസമയം, പാർട്ടിയുടെ ഔദ്യോഗികപ്രതിജ്ഞ തിങ്കളാഴ്ചയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതിനാൽ പാർട്ടിയുടെ നയങ്ങളും പരിപാടികളും തീരുമാനിക്കാൻ ഭാരവാഹികളുടെ യോഗം അടുത്ത ദിവസം തന്നെ ചെന്നൈയിൽ ചേരാനാണ് വിജയ്‌യുടെ തീരുമാനം. കഴിഞ്ഞ ഫെബ്രുവരി രണ്ടിനാണ് വിജയ് രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചത്. ഭാവി കാര്യങ്ങൾ കാത്തിരുന്ന് കാണുകതന്നെ വേണം.