നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട ചർച്ചകളും പ്രതിഷേധങ്ങളും ഊർജ്ജിതമാകുന്നതിനിടെ ഈ വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്. നീറ്റ് പരീക്ഷ നിർത്തലാക്കുകയാണ് ഒരേയൊരു വഴിയെന്നും വിദ്യാഭ്യാസം സംസ്ഥാനങ്ങളുടെ പട്ടികയിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. നീറ്റ് പരീക്ഷ നിർത്തലാക്കാനുള്ള തമിഴ്‌നാട് സംസ്ഥാന അസംബ്ലിയുടെ പ്രമേയത്തെ പിന്തുണക്കുന്നതായും വിജയ് വ്യക്തമാക്കി.
‘നീറ്റ് പരീക്ഷയിൽ ജനങ്ങൾക്ക് വിശ്വാസം നഷ്‌ടപ്പെട്ടു. ഈ രാജ്യത്തിന് നീറ്റ് ആവശ്യമില്ല. ഇതൊഴിവാക്കുകയെന്നതാണ് ഈ പ്രശ്‌നത്തിലുള്ള ഒരേയൊരു പോംവഴി. നീറ്റ് പരീക്ഷയ്ക്കെതിരെ തമിഴ്‌നാട് നിയമസഭ കൊണ്ടുവന്ന പ്രമേയത്തെ അകമഴിഞ്ഞ് പിന്തുണയ്ക്കുന്നു. തമിഴ്‌നാട്ടിലെ ജനങ്ങളുടെ വികാരം കേന്ദ്ര സർക്കാർ ഉൾക്കൊള്ളണം. കൺകറന്റ് ലിസ്റ്റിൽ നിന്ന് സ്റ്റേറ്റ് ലിസ്റ്റിലേക്ക് വിദ്യാഭ്യാസം കൊണ്ടുവരണം.
ഇങ്ങനെ ചെയ്യുന്നതിന് എന്തെങ്കിലും സാങ്കേതിക തടസമുണ്ടെങ്കിൽ ഒരു ഇടക്കാല പരിഹാരമെന്ന നിലയിൽ, ഇന്ത്യൻ ഭരണഘടന ഭേദഗതി ചെയ്‌ത് ഒരു പ്രത്യേക കൺകറൻ്റ് ലിസ്റ്റ് സൃഷ്‌ടിക്കുകയും വിദ്യാഭ്യാസവും ആരോഗ്യവും അതിനടിയിൽ കൂട്ടിച്ചേർക്കുകയും വേണം. എംയിംസ് പോലുള്ളവയ്ക്ക് വേണമെങ്കിൽ നീറ്റ് പരീക്ഷ നടത്താം. ഇതൊക്കെ നടക്കുമോ എന്നറിയില്ല. ഉടനെ നടക്കില്ലെന്നും അറിയാം. നടക്കാൻ സമ്മതിക്കില്ലെന്നുമറിയാം’ എന്നാണ് വിജയ് പറഞ്ഞത്.