തമിഴ് നടൻ വിജയ് രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചു. ‘തമിഴ് വെട്രി കഴകം’ എന്നാണ് രാഷ്ട്രീയ പാർട്ടിയ്ക്ക് നൽകിയിരിക്കുന്ന പേര്. ലോക്‌സഭാ തെരെഞ്ഞെടുപ്പിൽ പാർട്ടി സാന്നിധ്യമറിയിക്കും. പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി, ട്രെഷറര്‍, കേന്ദ്ര എക്‌സിക്യൂട്ടീവ് കമ്മിറ്റി തുടങ്ങിയവരെയും തെരഞ്ഞെടുത്തിട്ടുണ്ട്. 2026 നിയമസഭ തിരഞ്ഞെടുപ്പാണ് വിജയ് ലക്ഷ്യമിടുന്നത് എന്നാണ് സൂചന. ഒരു മൊബൈൽ ആപ്പും പാർട്ടിപുറത്തിറക്കും. ഇതിലൂടെ ജനങ്ങൾക്ക് പാർട്ടി അംഗമാവാൻ കഴിയും. ആദ്യ ഘട്ടത്തിൽ ഒരു കോടി ജനങ്ങളെ അംഗമാക്കാനാണ് ലക്ഷ്യമിടുന്നത്.
അതേസമയം പാര്‍ട്ടിക്ക് ‘തമിഴക മുന്നേറ്റ കഴകം’ എന്ന പേര് നൽകിയേക്കും എന്നായിരുന്നു നേരത്തെ ഉണ്ടായിരുന്ന സൂചന. മാത്രമല്ല, ആരാധക സംഘടനയായ വിജയ് മക്കള്‍ ഇയക്കത്തെ രാഷ്ട്രീയ പാര്‍ട്ടിയാക്കി മാറ്റുന്നതില്‍ നേരത്തെ ചേര്‍ന്ന നേതൃയോഗത്തില്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ വിജയുടെ ആരാധക സംഘടന മത്സരിക്കുകയും മോശമല്ലാത്ത പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെയാണ് രാഷ്ട്രീയ പാര്‍ട്ടി രൂപീകരണ നീക്കമെന്ന ഉദ്ദേശത്തോട് കൂടി വിജയ് സജീവമായി രംഗത്തിറങ്ങിയത്.