അന്തരിച്ച സംവിധായകൻ സിദ്ദിഖിന്റെ വീട്ടിലെത്തി അനുശോചനം അറിയിച്ച് തമിഴ് താരം സൂര്യ. കൊച്ചി കാക്കനാടുള്ള സിദ്ദിഖിന്റെ വീട്ടിലെത്തിയ അദ്ദേഹം വളരെനേരം കുടുംബത്തോടൊപ്പം സമയം ചിലവഴിച്ച ശേഷമാണ് മടങ്ങിയത്. സൂര്യയ്ക്കൊപ്പം നിർമ്മാതാവ് രാജശേഖറും എത്തിയിരുന്നു.
‘ഫിലിം മേക്കിങിനെ ആസ്വദിക്കാൻ പഠിപ്പിച്ചത് സിദ്ദിഖ് സർ ആണ്. ഒരു സീനിൽ നമ്മുടെ ചെറിയൊരു സംഭാവനയെപ്പോലും ഒരു മടിയും കൂടാതെ അഭിനന്ദിക്കാൻ ശ്രമിക്കുന്ന സംവിധായകനായിരുന്നു സിദ്ദിഖ് സർ. അദ്ദേഹം എപ്പോഴും നമ്മെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കും. ഷൂട്ടിലാണെങ്കിലും എഡിറ്റിലാണെങ്കിലും എന്റെ പ്രകടനത്തിലെ അദ്ദേഹത്തിന്റെ നിരീക്ഷണങ്ങൾ അപ്പോൾ തന്നെ അറിയിക്കുമായിരുന്നു. ഫിലിം മേക്കിങ് എന്ന പ്രോസസിനെ ഇഷ്ടപ്പെടാനും ആസ്വദിക്കാനും അദ്ദേഹം എന്നെ പഠിപ്പിച്ചു. ഫ്രണ്ട്സ് സിനിമ ചെയ്യുമ്പോൾ അദ്ദേഹം ഒരുപാട് അറിയപ്പെടുന്ന സംവിധായകനും സീനിയറുമാണ്. പക്ഷേ ഞങ്ങളെ എല്ലാവരെയും അദ്ദേഹം ഒരുപോലെ കണ്ടു. സെറ്റിൽ ഒന്നു ശബ്ദം ഉയർത്തുന്നതോ ദേഷ്യപ്പെടുന്നതോ കണ്ടിട്ടില്ല.
ജീവിതകാലം മുഴുവൻ ഓർക്കാനുള്ള അനുഭവം അദ്ദേഹത്തോടൊപ്പമുണ്ട്. എന്റെ കഴിവിൽ വിശ്വസിക്കാനുള്ള ആത്മവിശ്വാസം തന്നത് അദ്ദേഹമാണ്. കാണുമ്പോഴൊക്കെ എന്റെ കുടുംബത്തെക്കുറിച്ചും സന്തോഷത്തെക്കുറിച്ചുമാണ് അദ്ദേഹം ചോദിച്ചിരുന്നത്. ഒരു നടനെന്ന നിലയിൽ എന്നെ വിശ്വസിച്ച് എനിക്കൊപ്പം നിന്നതിൽ അദ്ദേഹത്തോട് തീർത്താൽ തീരാത്ത കടപ്പാടുണ്ട്. ഞാൻ ഒരുപാട് മിസ് ചെയ്യും. അങ്ങയുടെ വേർപാടിൽ മനസുതകർന്നിരിക്കുന്ന കുടുംബത്തിന്റെ വേദനയിൽ ഞാനും പങ്കുചേരുന്നു, അവർക്കു വേണ്ടി പ്രാർത്ഥിക്കുന്നു. അങ്ങയുടെ ഓർമ്മകൾ മുഴുവൻ ഞാൻ എന്റെ നിലനിർത്തും’ എന്നാണ് സൂര്യ പറഞ്ഞത്.
തമിഴിൽ സൂര്യയുടെ തിരിച്ചു വരവിന് വഴിയൊരുക്കിയ ചിത്രമായ ‘ഫ്രണ്ട്സ്’ സംവിധാനം ചെയ്തത് സിദ്ദിഖായിരുന്നു. മലയാളത്തിൽ സൂപ്പർഹിറ്റായി മാറിയ ഫ്രണ്ട്സ് തമിഴിലേക്ക് അതേ പേരിൽ റീമേക്ക് ചെയ്തപ്പോൾ സിദ്ദിഖ് കാസ്റ്റ് ചെയ്തത് യുവതാരങ്ങളായ വിജയിയെയും സൂര്യയെയും ആയിരുന്നു. ഒരു ഇടവേളയ്ക്കു ശേഷം സൂര്യയ്ക്ക് ലഭിച്ച മികച്ച ബ്രേക്കായി ഫ്രണ്ട്സിലെ കഥാപാത്രം മാറി.