മോഹൻലാൽ – പൃഥ്വിരാജ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ഡചിത്രമായ എംപുരാന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. ഇപ്പോൾ തിരുവനന്തപുരത്ത് ഷൂട്ടിങ് നടക്കുന്ന ചിത്രത്തിന്റെ ലൊക്കേഷൻ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് നടൻ നന്ദു. നായിക മഞ്ജു വാരിയർക്കും സായികുമാറിനും ഒപ്പമുള്ള ചിത്രങ്ങളാണ് നന്ദു സാമൂഹ്യമാധ്യമത്തിലൂടെ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്.
‘എംപുരാനിൽ പീതാംബരനുണ്ട്. നാളുകൾക്ക് ശേഷം പ്രിയദർശിനി രാംദാസിനെയും വർമ്മ സാറിനെയും കണ്ടു’ എന്ന അടിക്കുറിപ്പോടെയാണ് നന്ദു ചിത്രങ്ങൾ പങ്കിട്ടിരിക്കുന്നത്. സിനിമയുടെ കോസ്റ്റ്യൂമിൽ കഥാപാത്രങ്ങളായി നിൽക്കുന്ന താരങ്ങളുടെ ചിത്രങ്ങൾ ഇതിനോടകം വൈറലാകുകയും ചെയ്തു. സിനിമയിൽ പീതാംബരൻ എന്ന രാഷ്ട്രീയക്കാരനായാണ് നന്ദു എത്തുന്നത്.
തിയേറ്ററിലും ഒടിടിയിലും വലിയ ഹിറ്റായ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എംപുരാൻ. സ്റ്റീഫൻ നെടുമ്പളളി എന്ന രാഷ്ട്രീയക്കാരൻ എങ്ങനെയാണ് അബ്രാം ഖുറേഷി ആബ്രാം ആയി മാറിയതെന്നാണ് എംപുരാനിൽ കാണാൻ സാധിക്കുകയെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. മുരളി ഗോപി കഥയും തിരക്കഥയും എഴുതി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എംപുരാൻ റിലീസ് ആകുന്നതെന്നാണെന്ന് കാത്തിരിക്കുകയാണ് ആരാധകർ.