തെലുങ്ക് നടൻ നാഗചൈതന്യ വീണ്ടും വിവാഹിതനാകുന്നു എന്ന വാർത്തകളാണ് ഇപ്പോൾ തെലുങ്ക് മാധ്യമങ്ങളിൽ നിറയുന്നത്. നാഗചൈതന്യയുടെ കുടുംബാംഗങ്ങൾ വിവാഹാലോചനയുമായി മുന്നോട്ടുപോകുകയാണെന്നും ഒരു വ്യവസായ കുടുംബത്തിൽ നിന്നാണ് വധുവെന്നും റിപ്പോർട്ടുകളുണ്ട്. പെൺകുട്ടിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല. നാഗചൈതന്യയുടെ പിതാവും നടനുമായ നാഗാർജുനയാണ് വധുവിനെ കണ്ടെത്തിയതെന്നും വിവാഹം സംബന്ധിച്ച കാര്യങ്ങൾ വളരെ രഹസ്യമായി സൂക്ഷിക്കാനാണ് താരകുടുംബത്തിന്റെ തീരുമാനമെന്നും റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്.
നടി സാമന്തയായിരുന്നു നാഗചൈതന്യയുടെ ഭാര്യ. 2010-ൽ ഗൗതം മേനോന്റെ സംവിധാനത്തിലൊരുങ്ങിയ തെലുങ്ക് ചിത്രം യേ മായ ചോവെയുടെ സെറ്റിൽ വെച്ചാണ് സാമന്തയും നാഗചൈതന്യയും പ്രണയത്തിലാവുന്നത്. 2017-ൽ ഗോവയിൽ നടന്ന അത്യാഡംബര ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്. നാലുവർഷം നീണ്ട ദാമ്പത്യത്തിനൊടുവിൽ 2021-ൽ ഇരുവരും വേർപിരിയുകയായിരുന്നു.