മലയാളം – തമിഴ് സിനിമാ പ്രേമികൾ വളരെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് മണിരത്നം സംവിധാനം ചെയ്യുന്ന തഗ് ലൈഫ്. കമൽഹാസൻ നായകനായെത്തുന്ന ചിത്രത്തിന്റെ പോസ്റ്ററുകളെല്ലാം തന്നെ വളരെ ജനശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഇപ്പോൾ ചിത്രവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാർത്തയാണ് സിനിമാ പ്രേമികൾക്കിടയിൽ ചർച്ചയാകുന്നത്. ചിത്രത്തിൽ സുപ്രധാന വേഷത്തിലെത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന സൂപ്പർ താരം ജയം രവി ചിത്രത്തിൽ നിന്നും പിൻമാറിയെന്നാണ് റിപ്പോർട്ട്.
ചിത്രത്തിൽ നിന്നും ദുൽഖർ സൽമാൻ പിന്മാറിയതിന് പിന്നാലെയാണ് ജയം രവിയും പിന്മാറിയിരിക്കുന്നത്. ഇതോടെ ഇതിന് പിന്നിലെ കാരണം എന്താണെന്നാണ് ആരാധകർ ഒന്നടങ്കം ചോദിക്കുന്നത്. മറ്റ് സിനിമകളുടെ തിരക്കുകൾ മൂലമാണ് താരം ചിത്രത്തിൽ നിന്ന് പിന്മാറിയതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇതേ കാരണത്താലാണ് ദുൽഖറും തഗ് ലൈഫിൽ നിന്ന് പിന്മാറിയത്. മണിരത്നത്തിൻ്റെ പൊന്നിയിൻ സെൽവൻ 1, പൊന്നിയിൻ സെൽവൻ 2 എന്നീ സിനിമകളിലെ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ചത് ജയം രവിയായിരുന്നു.
തെന്നിന്ത്യയിലെ നിരവധി താരങ്ങൾ ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും തഗ് ലൈഫിനുണ്ട്. മലയാളത്തിൽ നിന്ന് ഐശ്വര്യ ലക്ഷ്മി, ജോജു ജോർജ്, ബാബുരാജ് തുടങ്ങിയവരും തമിഴിൽ നിന്ന് തൃഷ കൃഷ്ണൻ, ഗൗതം കാർത്തിക് എന്നിവരും പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നുണ്ട്. രാജ് കമൽ ഫിലിംസ് ഇൻ്റർനാഷണലും റെഡ് ജയന്റ് മൂവീസും ചേർന്നാണ് തഗ് ലൈഫ് നിർമ്മിക്കുന്നത്.