ചിരിയും ചിന്തയും കഥാപാത്രങ്ങളും ഇനി ചരിത്രം: ഇന്നസെൻ്റ് വിടവാങ്ങി

Date:

Share post:

നടൻ ഇന്നസെൻ്റ് വിടവാങ്ങുമ്പോൾ മലയാള സിനിമയിലെ പകരം വയ്ക്കാനില്ലാത്ത പ്രതിഭ മാത്രമല്ല, ജനകീയനായൊരു അഭിനേതാവ് കൂടിയാണ് ഓർമ്മയാകുന്നത്. ഹാസ്യനടനും സ്വഭാവ നടനുമായി ഒരേപോലെ അഭ്രപാളിയിൽ തിളങ്ങിയ ഇന്നസെൻ്റ് മലയാളം, തമിഴ്, ഹിന്ദി, കന്നഡ തുടങ്ങിയ ഭാഷകളിലായി 750ലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. തൃശൂർ ശൈലിയിലുള്ള സംസാരവും ശരീരഭാഷയിലെ സവിശേഷതകളുമാണ് അദ്ദേഹത്തെ വേറിട്ടുനിർത്തിയത്.

തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുടയിൽ തെക്കേത്തല വറീത് – മാർഗലീത്ത ദമ്പതികളുടെ എട്ടു മക്കളിൽ അഞ്ചാമനായി 1948 ഫെബ്രുവരി 28 നാണ് ഇന്നസെൻ്റ് ജനിക്കുന്നത്. ലിറ്റിൽ ഫ്ലവർ കോണ്‍വെൻ്റ് ഹൈസ്കൂൾ, നാഷനൽ ഹൈസ്കൂൾ, ഡോണ്‍ ബോസ്കോ എസ്എൻഎച്ച് സ്കൂൾ എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. എട്ടാം ക്ലാസിൽ പഠനം അവസാനിപ്പിച്ച് കച്ചവടക്കാരനായി. പിന്നീട് തീപ്പെട്ടിക്കമ്പനി ഉടമ, തുകൽക്കച്ചവടക്കാരൻ, വോളിബോൾ കോച്ച്, സൈക്കിളിൽ സഞ്ചരിച്ചു ചീപ്പും സോപ്പും കണ്ണാടിയും വിൽക്കുന്ന കച്ചവടക്കാരൻ എന്നിങ്ങനെ പല ജോലികളിൽ ചെയ്തു. അതിനിടെ നാടകങ്ങളിലും അഭിനയിച്ചിരുന്നു.

1972ൽ എ.ബി.രാജ് സംവിധാനം ചെയ്ത ‘നൃത്തശാല’യാണ് ആദ്യ ചിത്രം. ‘മഴവിൽക്കാവടി’, ‘കിലുക്കം’, ‘റാംജിറാവു സ്പീക്കിങ്’, ‘ഗോഡ്ഫാദർ’, ‘വിയറ്റ്നാം കോളനി’ , ‘കാബൂളിവാല’ ‘രാവണപ്രഭു’, ‘മാന്നാർ മത്തായി സ്പീക്കിങ്’, ‘ഹിറ്റ്ലർ’, ‘മനസ്സിനക്കരെ’, ‘ചന്ദ്രലേഖ’, ‘പൊൻമുട്ടയിടുന്ന താറാവ്’, ‘ദേവാസുരം’, ‘ഡോ.പശുപതി’, ‘പിൻഗാമി’, ‘ഡോലി സജാകെ രഖ്‌ന’, ‘മലാമൽ വീക്കിലി’(രണ്ടും ഹിന്ദി) , ‘ശിക്കാരി’(കന്നട) ‘ലേസാലേസ’ (തമിഴ്) തുടങ്ങിയ ചിത്രങ്ങളിൽ വ്യത്യസ്ത സ്വഭാവമുള്ള കഥാപാത്രങ്ങളിലൂടെ അദ്ദേഹം പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കി.

അഭിനയത്തിനൊപ്പം നിർമാതാവായും പ്രവർത്തിച്ചു. ഡേവിഡ് കാച്ചപ്പള്ളിയുമായി ചേർന്ന് ‘ശത്രു കംബൈൻസ്’ എന്ന ചലച്ചിത്ര നിർമാണ കമ്പനി നടത്തി. ‘ഇളക്കങ്ങൾ’, ‘വിടപറയും മുൻപേ’ , ‘ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക്’ ,‘ഒരു കഥ ഒരു നുണക്കഥ’ തുടങ്ങിയ ചിത്രങ്ങൾ ഈ ബാനറിൽ നിർമിച്ചവയാണ്. മലയാളത്തിലെ പ്രമുഖ സംവിധായകരുടെയെല്ലാം ചിത്രങ്ങളിൽ ഇന്നസെൻ്റ് വേഷമിട്ടിട്ടുണ്ട്. ചെറിയ തമാശ വേഷങ്ങൾ ചെയ്തിരുന്ന ഇന്നസെൻ്റിന് അഭിനയത്തിൽ വഴിത്തിരിവായത് സിദ്ദീഖ്-ലാൽ കൂട്ടുകെട്ടിൽ ഇറങ്ങിയ ‘റാംജിറാവു സ്പീക്കിങ്’ ആണ്. അതോടെ മലയാളത്തിലെ മുൻനിര ഹാസ്യതാരങ്ങളിൽ ഒരാളായി അദ്ദേഹം മാറുകയായിരുന്നു.

‘റാംജിറാവു സ്പീക്കിങ്ങി’ലെ മാന്നാർ മത്തായി, ‘കാബൂളിവാല’യിലെ കന്നാസ്, ‘കിലുക്ക’ത്തിലെ കിട്ടുണ്ണി, ‘ദേവാസുര’ത്തിലെ വാര്യർ, ‘ഗോഡ്ഫാദറി’ലെ സ്വാമിനാഥൻ തുടങ്ങി നിരവധി കഥാപാത്രങ്ങളെ ഇന്നസെൻ്റ് അവിസ്മരണീയമാക്കി. ഹാസ്യം മാത്രമല്ല, സ്വഭാവ നടനായും ചില സിനിമകളിൽ വില്ലനായും അദ്ദേഹം പ്രതിഭ തെളിയിച്ചു. ചില ചിത്രങ്ങളിൽ അദ്ദേഹം പിന്നണി ഗായകനുമായി – ‘ആനച്ചന്തം ഗണപതി മേളച്ചന്തം…’ (ഗജകേസരിയോഗം – 1990), ‘കണ്ടല്ലോ പൊൻകുരിശുള്ളൊരു…’ (സാന്ദ്രം – 1990), ‘കുണുക്കു പെൺമണിയെ…’ (മിസ്റ്റർ ബട്‌ലർ – 2000), ‘സുന്ദരകേരളം നമ്മൾക്കു തന്നത്…’ (ഡോക്ടർ ഇന്നസന്റാണ് – 2012) എന്നിവയാണ് ഗാനങ്ങൾ.

1989ൽ മികച്ച സഹനടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും (‘മഴവിൽക്കാവടി’) നിർമാതാവെന്ന നിലയിൽ 1981ലും (‘വിട പറയും മുൻപേ’), 1982ലും (‘ഓർമയ്ക്കായ്’) മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും നേടിയിട്ടുണ്ട്. 2009ൽ ‘പത്താം നിലയിലെ തീവണ്ടി’ എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള കേരള സ്റ്റേറ്റ് ഫിലിം ക്രിറ്റിക്സ് പുരസ്കാരവും സ്വന്തമാക്കി.

മലയാള ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ പ്രസിഡൻ്റായി ഇന്നസെൻ്റ് 18 വർഷം പ്രവർത്തിച്ചു. രാഷ്ട്രീയ പ്രവേശം അപ്രതീക്ഷിതമായിരുന്നില്ല. ആർ‌എസ്പി തൃശൂർ ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ചിരുന്ന അദ്ദേഹം 1979ൽ ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയിൽ കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ടു. കൗൺസിലർ മുതൽ പാർലമെൻ്റ് വരെ നീണ്ട രാഷ്ട്രീയ ജീവിതം.

2014 ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടതുസ്വതന്ത്രനായി ചാലക്കുടിയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. 2019ൽ വീണ്ടും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2012ൽ കാൻസർ ബാധിച്ചെങ്കിലും അതിനെ ചിരിയോടെ നേരിട്ട ഇന്നസെൻ്റ് ഒരുപാടു പേർക്കു പ്രചോദനമായിരുന്നു. പെയിൻ ആൻഡ് പാലിയേറ്റീവ് പ്രവർത്തനങ്ങളിൽ സജീവമായിരുന്നു അദ്ദേഹം. ‘ചിരിക്കു പിന്നിൽ’ (ആത്മകഥ), ‘മഴക്കണ്ണാടി’, ‘ഞാൻ ഇന്നസന്റ്’, ‘കാൻസർ വാർഡിലെ ചിരി’, ‘ഇരിങ്ങാലക്കുടയ്ക്കു ചുറ്റും’, ‘ദൈവത്തെ ശല്യപ്പെടുത്തരുത്’, ‘കാലൻ്റെ ഡല്‍ഹിയാത്ര അന്തിക്കാട് വഴി’ എന്നീ പുസ്തകങ്ങൾ രചിച്ചു. കാൻസറിന് ശേഷമുള്ള ജീവിതത്തെ ‘ബോണസ് ജീവിതം’ എന്നാണ് ഇന്നസെൻ്റ് വിശേഷിപ്പിച്ചിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

10 പുതിയ സെക്ടറുകളിലേക്ക് സർവീസ് പ്രഖ്യാപിച്ച് ഇത്തിഹാദ്; 2025 മുതൽ പറക്കും

യാത്രക്കാർക്ക് ആശ്വാസമായി സർവീസ് വർധിപ്പിക്കാനൊരുങ്ങി ഇത്തിഹാദ് എയർവേയ്‌സ്. 10 പുതിയ സെക്ടറുകളിലേക്കാണ് എയർവേസ് സർവീസ് ആരംഭിക്കുന്നത്. അബുദാബിയെ പ്രധാന ഏഷ്യാ പസഫിക് നഗരങ്ങളുമായി ബന്ധിപ്പിച്ചാണ്...

പെർത്തിൽ ഇന്ത്യക്ക് വമ്പൻ ജയം

ഓസ്ട്രേലിയ്ക്ക് എതിരായ ബോർഡർ ഗവാസ്കർ ട്രോഫി ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് വമ്പൻ വിജയം. 295 റൺസിനാണ് ഇന്ത്യ വിജയിച്ചത്. 534 റൺസ് പിന്തുടരാൻ ഇറങ്ങിയ...

രണ്ട് വർഷത്തെ ഷൂട്ടിങ്ങിനായി ചെലവാക്കിയത് 80 കോടി; ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ച് നെറ്റ്ഫ്ലിക്സ്

രണ്ട് വർഷത്തെ ഷൂട്ടിങ്ങിന് ശേഷം നെറ്റ്ഫ്ലിക്സ് ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ചു. പാതിവഴിയിൽ ഉപേക്ഷിച്ച 'ബാഹുബലി' വെബ് സീരീസിന് വേണ്ടി നെറ്റ്ഫ്ലിക്സ് മുടക്കിയത് 80 കോടി...

യുഎഇ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരം; സായിദ് ആൻഡ് റാഷിദ് കാമ്പെയ്‌ൻ പുരോഗമിക്കുന്നു

രാജ്യത്തിൻ്റെ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരസൂചകമായി 'സായിദും റാഷിദും' ലോഗോ ഉൾക്കൊള്ളുന്ന പ്രത്യേക സ്റ്റാമ്പുമായി ദുബായ് എയർപോർട്. ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ്...