കരിയറിന്റെ തുടക്ക കാലത്ത് തന്നെ കളിയാക്കിയവരും മോശമായി പെരുമാറിയവരും ഇപ്പോൾ തന്റെ ഡേറ്റിനുവേണ്ടി കാത്തിരിക്കുകയാണെന്ന് സൂപ്പർ താരം ദുൽഖർ സൽമാൻ. പുതിയ ചിത്രമായ ‘കിങ് ഓഫ് കൊത്ത’യുടെ പ്രമോഷന്റെ ഭാഗമായി സംഘടിപ്പിച്ച അഭിമുഖത്തിലാണ് ദുൽഖർ ഇക്കാര്യം വ്യക്തമാക്കിയത്.
‘എന്റെ കരിയറിന്റെ തുടക്കത്തിൽ എന്നെ പരിഹസിച്ചവരുണ്ട്. ആദ്യ രണ്ടുമൂന്ന് സിനിമകൾ ഇറങ്ങിയ സമയത്ത് മോശമായി പെരുമാറിയവരുണ്ട്. എന്നാൽ ഇന്ന് അവർ എന്റെ ഡേറ്റിന് വേണ്ടി ശ്രമിക്കുന്ന കാര്യം എനിക്ക് അറിയാം’ എന്നാണ് ദുൽഖർ വ്യക്തമാക്കിയത്. തന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമാണ് കിങ് ഓഫ് കൊത്ത. കൊത്തയിലെ കഥയെ മുന്നോട്ടു കൊണ്ട് പോകുന്നതിൽ എല്ലാ കഥാപാത്രങ്ങൾക്കും നിർണായകമായ പങ്കുണ്ട്. ആളുകൾ സിനിമ കാണണമെങ്കിൽ മികച്ച തിയറ്റർ അനുഭവം നൽകണം. അവർ ചെലവഴിക്കുന്ന പണത്തിന് മൂല്യമുണ്ടാകണം. ഒരു നിർമ്മാണ കമ്പനി എന്ന നിലയിൽ തങ്ങൾ നിർമ്മിച്ച ബിഗ്ബജറ്റ് ചിത്രമാണ് കിങ് ഓഫ് കൊത്തയെന്നും ദുൽഖർ പറഞ്ഞു.
പ്രമുഖ സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രം സീ സ്റ്റുഡിയോസും ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസും ചേർന്നാണ് നിർമ്മിക്കുന്നത്. തമിഴ് താരം പ്രസന്ന, ഷബീർ കല്ലറക്കൽ, ഐശ്വര്യ ലക്ഷ്മി, നൈല ഉഷ, ചെമ്പൻ വിനോദ്, ഗോകുൽ സുരേഷ്, ഷമ്മി തിലകൻ, ശാന്തി കൃഷ്ണ, വാടാ ചെന്നൈ ശരൺ, അനിഖാ സുരേന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജേക്സ് ബിജോയ്, ഷാൻ റഹ്മാൻ എന്നിവരാണ് സംഗീതസംവിധാനം നിർവഹിക്കുന്നത്. തിരക്കഥ തയ്യാറാക്കിയത് അഭിലാഷ് എൻ ആണ്. ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ സംഘട്ടനം ഒരുക്കിയിരിക്കുന്നത് രാജശേഖറാണ്.