നിയമപരമായി വിവാഹം രജിസ്റ്റർ ചെയ്യാതിരുന്നതിനാൽ വിവാഹ വാർഷിക ദിനത്തിൽ നടൻ ധർമജനും ഭാര്യ അനൂജയും വീണ്ടും വിവാഹിതരായ വാർത്ത സാമൂഹ്യമാധ്യമങ്ങളിൽ വളരെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ ഇരുവർക്കും ആശംസ നേരുകയാണ് സുഹൃത്തും നടനും മിമിക്രി താരവുമായ രമേഷ് പിഷാരടി. അവൻ്റെ സന്തോഷങ്ങൾ എൻ്റേതും കൂടെ ആണ് എന്ന് തുടങ്ങുന്ന ഹൃദയ സ്പർശിയായ ഒരു കുറിപ്പോടെയാണ് പിഷാരടി ആശംസ അറിയിച്ചത്.
“ഡാ ഞാൻ അനുവിനെ കൂട്ടി കൊണ്ട് വന്നു – ഇങ്ങനെ ഒരു ഫോൺ കോൾ അതായിരുന്നു എനിക്ക് ധർമജൻ്റെ വിവാഹം. കുറച്ചു കാലങ്ങൾക്കിപ്പുറം നിയമപരമായി ആരുമറിയാതെ റജിസ്റ്റർ ചെയ്താലും മതിയായിരുന്നു. എന്നാൽ മക്കളെ മുന്നിൽ നിർത്തി മാലയിട്ടൊരു കല്യാണം.. വിവാഹ വേഷത്തിൽ 2 ഫോട്ടോ. ഗംഭീരമായി. അന്നും ഇന്നും അത് അവന്റെ ജീവിതമാണ്.. അവന്റെ തീരുമാനവും സന്തോഷവും ആണ്. അവൻ്റെ സന്തോഷങ്ങൾ എൻ്റേതും കൂടെ ആണ്.” എന്നാണ് രമേഷ് പിഷാരടി ഫെയ്സ്ബുക്കിൽ കുറിച്ചത്.
16 വർഷം മുമ്പ് ഒളിച്ചോടി വിവാഹിതരായവരാണ് ധർമജനും ഭാര്യയും. അന്ന് രജിസ്ട്രേഷനെക്കുറിച്ച് വലിയ അറിവില്ലാത്തതിനാൽ അതിന് തയ്യാറായുമില്ല. എന്നാൽ ഇപ്പോൾ സുഹൃത്തുക്കളിൽ പലരും വിവാഹം രജിസ്റ്റർ ചെയ്യുന്നതിനേക്കുറിച്ച് പറഞ്ഞപ്പോഴാണ് താരത്തിന് സംഗതിയുടെ ഗൗരവം മനസിലായത്. അതിനാൽ വിവാഹ വാർഷിക ദിനത്തിൽ രണ്ട് മക്കളെയും സാക്ഷി നിർത്തി ഇരുവരും വീണ്ടും വിവാഹിതരാകുകയായിരുന്നു.