ഭാര്യ മറിയം തോമസിന് പിറന്നാൾ ആശംസ അറിയിച്ച് ചെമ്പൻ വിനോദ്. ‘ഹാപ്പി ബർത്ത്ഡേ മൈ ലവ്’ എന്നായിരുന്നു മറിയത്തിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ചെമ്പൻ വിനോദ് സാമൂഹ്യമാധ്യമത്തിൽ കുറിച്ചത്. താരത്തിന് പിന്നാലെ നൈല ഉഷ, സുധി കോപ്പ, ജിനു ജോസ്, ആർ.ജെ മിഥുൻ, ആൻസൺ പോൾ തുടങ്ങി നിരവധി പേരാണ് മറിയത്തിന് ആശംസ അറിയിച്ചിരിക്കുന്നത്.
2020-ലാണ് ചെമ്പൻ വിനോദും കോട്ടയം സ്വദേശിയായ മറിയം തോമസും വിവാഹിതരാകുന്നത്. ഒരു സൈക്കോളജിസ്റ്റ് കൂടിയായ മറിയം, ചെമ്പൻ വിനോദ് നിർമ്മിച്ച ‘ഭീമന്റെ വഴി’ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേയ്ക്കും പ്രവേശിച്ചിരുന്നു. ചിത്രത്തിൽ നേഴ്സിന്റെ വേഷത്തിലാണ് മറിയം ബിഗ് സ്ക്രീനിലെത്തിയത്. 2010-ൽ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘നായകൻ’ എന്ന സിനിമയിലൂടെയാണ് ചെമ്പൻ വിനോദ് അഭിനയരംഗത്തേയ്ക്കെത്തുന്നത്. ദുൽഖർ നായകനാകുന്ന കിങ് ഓഫ് കൊത്തയാണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം.