തമിഴ് സിനിമാനടനും ഡിഎംഡികെ സ്ഥാപക നേതാവും മുൻ പ്രതിപക്ഷനേതാവുമായ വിജയകാന്ത് (71) അന്തരിച്ചു. കഴിഞ്ഞ ദിവസം ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് ആരോഗ്യനില ഗുരുതരമായതോടെ വെന്റിലേറ്ററിലേക്ക് മാറ്റി. ഇന്ന് രാവിലെ ഒൻപതു മണിയോടെയാണ് ആശുപത്രി അധികൃതർ വിയോഗവിവരം പുറത്ത് വിട്ടത്.
എൺപതുകളിലും തൊണ്ണൂറുകളിലും തമിഴിലെ നിരവധി സൂപ്പർഹിറ്റുകൾ സമ്മാനിച്ച വിജയകാന്തിനെ ആരാധകർ സ്നേഹത്തോടെയും ബഹുമാനത്തോടെയും ക്യാപ്റ്റനെന്നാണ് വിളിച്ചിരുന്നത്. ദേശീയ മുർപോക്ക് ദ്രാവിഡ കഴകം എന്ന രാഷ്ട്രീയപാർട്ടിയുടെ സ്ഥാപകനേതാവാണ് അദ്ദേഹം. രണ്ടുതവണ തമിഴ്നാട് നിയമസഭാംഗമായിരുന്നു.
2005 സെപ്റ്റംബർ 14 നാണ് അദ്ദേഹം ദേശീയ മുർപോക്ക് ദ്രാവിഡ കഴകം (ഡിഎംഡികെ) എന്ന രാഷ്ട്രീയ പാർട്ടി സ്ഥാപിച്ചത്. 2006 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 234 സീറ്റുകളിൽ മൽസരിച്ചെങ്കിലും വിജയകാന്ത് മാത്രമായിരുന്നു വിജയിച്ചത്. 2011 ൽ എഐഎഡിഎംകെയുമായി സഖ്യമുണ്ടാക്കിയ ഡിഎംഡികെ 40 സീറ്റിൽ മൽസരിച്ച് 29 എണ്ണത്തിൽ വിജയിച്ചു. 2011 മുതൽ 2016 വരെ അദ്ദേഹം പ്രതിപക്ഷ നേതാവായിരുന്നു. തമിഴ് രാഷ്ട്രീയത്തിലെ ശക്തനെന്നു വിളിക്കപ്പെട്ടെങ്കിലും പിന്നീട് രാഷ്ട്രീയ നേട്ടങ്ങൾ ആവർത്തിക്കാനായില്ല.
അതിന് ശേഷം 2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുമായി സഖ്യമുണ്ടാക്കിയെങ്കിലും തിരിച്ചടിയേറ്റു. മൽസരിച്ച 14 സീറ്റിലും പരാജയമായിരുന്നു ഫലം. തുടർന്ന് 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വൈകോയുടെ മറുമലർച്ചി ദ്രാവിഡ മുന്നേറ്റ കഴകം, സിപിഎം, സിപിഐ, വിടുതലൈ ചിരുത്തൈകൾ കക്ഷി എന്നിവയുമായി സഖ്യമുണ്ടാക്കി. പക്ഷേ മൽസരിച്ച 104 സീറ്റുകളിലും പരാജയപ്പെട്ടു. അതോടെ തമിഴക രാഷ്ട്രീയത്തിൽ വിജയകാന്തിന്റെയും ഡിഎംഡികെയുടെയും സ്വാധീനം ദുർബലമായി തുടങ്ങി. അനാരോഗ്യം മൂലം കൂറേക്കാലമായി സജീവ രാഷ്ട്രീയത്തിൽ നിന്ന് അകന്നു നിൽക്കുകയായിരുന്നു അദ്ദേഹം. ഭാര്യ പ്രേമലത. മക്കൾ ഷണ്‍മുഖ പാണ്ഡ്യൻ, വിജയപ്രഭാകരൻ.