അഭിഷേക് ബച്ചനും ഐശ്വര്യ റായിയും വേർപിരിഞ്ഞുവെന്ന തരത്തിലുള്ള വാർത്തകൾ ഏതാനും മാസങ്ങളായി സാമൂഹ്യമാധ്യമങ്ങളിൽ നിറയുകയാണ്. പൊതു പരിപാടികളിൽ ഉൾപ്പെടെ ഇരുവരെയും ഒരുമിച്ചു കാണാതെ വന്നതോടെയാണ് അഭ്യൂഹങ്ങൾ തലപൊക്കിയത്. ഇപ്പോൾ വിവാഹമോചന വാർത്തകളോട് പ്രതികരിച്ചിരിക്കുന്നത് മാറ്റാരുമല്ല, അഭിഷേക് തന്നെയാണ്.
വിവാഹമോചന വാർത്തകൾ ചില മാധ്യമങ്ങൾ ഊതിപ്പെരുപ്പിച്ചുണ്ടാക്കിയതാണെന്നും ഞാൻ ഇപ്പോഴും വിവാഹിതനാണെന്നുമാണ് താരം തുറന്നുപറഞ്ഞത്. തന്റെ കയ്യിലെ വിവാഹ മോതിരം ഉൾപ്പെടെ ഉയർത്തിക്കാട്ടിയായിരുന്നു അഭിഷേകിന്റെ പ്രതികരണം. കയ്യടികളോടെയാണ് അഭിഷേകിന്റെ വാക്കുകളെ സാമൂഹ്യമാധ്യമങ്ങൾ ഏറ്റെടുത്തത്.
“വിവാഹമോചനത്തേക്കുറിച്ച് എനിക്ക് ഒന്നും പറയാനില്ല എന്നതാണ് യാഥാർത്ഥ്യം. എല്ലാ കാര്യങ്ങളും ഊതിപ്പെരുപ്പിച്ചുണ്ടാക്കിയതാണ്. ഇത് സങ്കടകരം തന്നെ. എന്തുകൊണ്ടാണ് ചില മാധ്യമങ്ങൾ ഇങ്ങനെ ചെയ്യുന്നതെന്ന് എനിക്ക് മനസിലാകും. അവർക്ക് ചില സ്‌റ്റോറികൾ ഫയൽ ചെയ്യണം. അതുമാത്രമാണ് ആവശ്യം. സാരമില്ല, ഞങ്ങൾ സെലിബ്രിറ്റികളല്ലേ, ഞങ്ങൾ ഇതൊക്കെ കേൾക്കേണ്ടിവരും.. എന്തായാലും സോറി, ഞാൻ ഇപ്പോഴും വിവാഹിതനാണ്” എന്നാണ് അഭിഷേക് പറഞ്ഞത്.