തിയേറ്ററിൽ തരംഗം സൃഷ്ടിച്ച് കുതിപ്പ് തുടരുകയാണ് ഫഹദ് ഫാസിലിന്റെ ആവേശം. സിനിമാ പ്രേമികൾക്ക് വിഷുക്കൈനീട്ടമായി റിലീസ് ചെയ്ത സിനിമ ഫഹദിന്റെ ആദ്യ 100 കോടിയിലേയ്ക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. 11 ദിവസങ്ങൾകൊണ്ട് ആവേശം വാരിയത് 92 കോടി രൂപയാണ്.
അധികം വൈകാതെ 100 കോടി അടിക്കാനൊരുങ്ങുകയാണ് ഫഫ.
ഫഹദ് ഫാസിലിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റും ആദ്യത്തെ 100 കോടി ചിത്രവുമായിരിക്കും ആവേശം. ചിത്രം കേരളത്തിൽ നിന്ന് മാത്രം ഇതിനോടകം നേടിയത് 39 കോടിയാണ്. കർണാടകയിൽ നിന്ന് അഞ്ച് കോടി, തമിഴ്നാട്ടിൽ നിന്ന് 4.9 കോടി, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് രണ്ട് കോടി എന്നിങ്ങനെ ഇന്ത്യയിൽ നിന്ന് ആകെ കലക്ഷൻ 51 കോടിയാണ് ചിത്രം നേടിയത്. വിദേശത്ത് നിന്ന് 41 കോടിയാണ് ചിത്രം വാരിയത്.
മലയാളത്തിലെ ഏറ്റവും വലിയ പണം വാരിയ ചിത്രങ്ങളുടെ പട്ടികയിൽ ഏഴാം സ്ഥാനത്താണ് ഇപ്പോൾ ആവേശമുള്ളത്. റിലീസ് ചെയ്ത് അഞ്ചാം ദിവസം ചിത്രം 50 കോടി ക്ലബ്ബിലെത്തിയിരുന്നു. രോമാഞ്ചത്തിന് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്ത ചിത്രത്തിൽ ബംഗളൂരു സ്വദേശിയായ രംഗ എന്ന അധോലോക നായകനെയാണ് ഫഹദ് ഫാസിൽ അവതരിപ്പിക്കുന്നത്. അൻവർ റഷീദ് എൻ്റർടെയ്ൻമെൻ്റ്സിൻ്റെ ബാനറിൽ അൻവർ റഷീദും ഫഹദ് ഫാസിൽ ആന്റ് ഫ്രണ്ട്സിന്റെ ബാനറിൽ നസ്രിയ നസീമും ചേർന്നാണ് ആവേശം നിർമ്മിക്കുന്നത്.