ബോക്സ്ഓഫീസിൽ ചരിത്രം സൃഷ്ടിച്ച് പൃഥ്വിരാജ്-ബ്ലെസി കൂട്ടുകെട്ടിൽ പിറന്ന ആടുജീവിതം. റിലീസ് ചെയ്‌ത് വെറും 9 ദിവസം പിന്നിടുമ്പോൾ 100 കോടി ക്ലബ്ബിലാണ് ചിത്രം ഇടംനേടിയത്. ഇതോടെ ഏറ്റവും വേഗത്തിൽ 100 കോടി പിന്നിടുന്ന മലയാള ചിത്രമെന്ന നേട്ടം കരസ്ഥമാക്കിയിരിക്കുകയാണ് ആടുജീവിതം. ഇന്ന് പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പൃഥ്വിരാജിന്റെ കരിയറിലെ ആദ്യ 100 കോടി കളക്ഷൻ ചിത്രമാണ് ആടുജീവിതം.
2024-ൽ പുറത്തിറങ്ങി 100 കോടി ക്ലബ്ബിൽ കയറുന്ന മലയാളത്തിലെ മൂന്നാമത്തെ ചിത്രമാണ് ആടുജീവിതം. മലയാളത്തിലെ ആറാമത്തെ 100 കോടി ക്ലബ്ബ് ചിത്രം കൂടിയാണിത്. 2018 ആണ് 100 കോടി കളക്ഷന്റെ കാര്യത്തിൽ ആടുജീവിതത്തിന് പിന്നിലുള്ളത്. 11 ദിവസം കൊണ്ടാണ് 2018 100 കോടി നേടിയത്. ലൂസിഫർ, മഞ്ഞുമ്മൽ ബോയ്‌സ് എന്നിവ പന്ത്രണ്ടും പ്രേമലു 31ഉം പുലിമുരുകൻ 36 ദിവസവുമെടുത്താണ് 100 കോടി ക്ലബ്ബിലേക്കെത്തിയത്. ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ തുടങ്ങിയ ഭാഷകളിൽ കഴിഞ്ഞ ദിവസങ്ങളിൽ റിലീസ് ചെയ്ത ഹിറ്റ് ചിത്രങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ അഡ്വാൻസ് ബുക്കിങ്ങിൽ ഇന്ത്യയിൽ ഒന്നാം സ്ഥാനത്താണ് ആടുജീവിതം. ഇന്ത്യയ്ക്ക് പുറമെ ഗൾഫ് രാജ്യങ്ങളിലും ചിത്രത്തിന് വലിയ കളക്ഷനാണ് ലഭിക്കുന്നത്.
100 Cr and counting at the Global Box Office! Thank you for this unprecedented success! ❤️🙏 #Aadujeevitham #TheGoatLife @DirectorBlessy @benyamin_bh @arrahman @Amala_ams@Haitianhero @rikaby @resulp @iamkrgokul @HombaleFilms @AAFilmsIndia @PrithvirajProd @RedGiantMovies_… pic.twitter.com/6H1gynVIJ6
— Prithviraj Sukumaran (@PrithviOfficial) April 6, 2024
ബ്ലെസിയുടെ സംവിധാന മികവിൽ പൃഥ്വിരാജ് പടുത്തുയർത്തിയത് വൻ വിജയമാണെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ചിത്രവുമായി ബന്ധപ്പെട്ട് ഇരുവരും നടത്തിയ 16 വർഷത്തെ പ്രവർത്തനങ്ങളാണ് ഇപ്പോൾ പൂവണിഞ്ഞിരിക്കുന്നത്. ഏറ്റവുമധികം നാളുകൾ നീണ്ടുപോയ ചിത്രമായ ആടുജീവിതത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ വർഷം ജൂലൈ 14നാണ് പൂർത്തിയായത്. പൃഥ്വിരാജ് എന്ന നടന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയാണ് ആടുജീവിതം. ഓസ്‌കർ അവാർഡ് ജേതാക്കളായ എ.ആർ റഹ്‌മാൻ സംഗീതവും റസൂൽ പൂക്കുട്ടി ശബ്ദമിശ്രണവും നിർവഹിച്ചിരിക്കുന്ന ചിത്രത്തിൽ അമല പോളാണ് നായിക.