പൃഥ്വിരാജ് – ബ്ലെസി കൂട്ടുകെട്ടിൽ പിറന്ന് ബോക്സോഫീസിൽ കോടികൾ വാരിയ ‘ആടുജീവിതം’ ഇനി നിങ്ങളുടെ സ്വീകരണ മുറിയിലിരുന്ന് ആസ്വദിക്കാം. ചിത്രം ഒടിടിയിലേയ്ക്ക് എത്തുകയാണ്. നെറ്റ്ഫ്ലിക്സിലൂടെ ജൂലൈ 19 മുതലാണ് ചിത്രം സ്ട്രീമിങ് ആരംഭിക്കുക. പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം സാമൂഹ്യമാധ്യമത്തിലൂടെ വെളിപ്പെടുത്തിയത്.
മലയാളം, കന്നഡ, തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലാണ് ചിത്രം പ്രദർശിപ്പിക്കുക. ആഗോളതലത്തിൽ 150 കോടിയിലധികം ചിത്രം സ്വന്തമാക്കിയിരുന്നു. 2008-ൽ ആരംഭിച്ച ആടുജീവിതം വർഷങ്ങളുടെ തയ്യാറെടുപ്പുകൾക്കൊടുവിൽ 2018-ലായിരുന്നു ചിത്രീകരണം ആരംഭിച്ചത്. നിരൂപകപ്രശംസയും പ്രേക്ഷകപ്രശംസയും ബോക്സ് ഓഫീസ് വിജയവും ഒരേപോലെ കൈവരിക്കാൻ കഴിഞ്ഞ ചുരുക്കം ചിത്രങ്ങളിലൊന്നായി ആടുജീവിതം മാറി.
ചിത്രവുമായി ബന്ധപ്പെട്ട് പൃഥ്വിരാജും ബ്ലെസിയും നടത്തിയ 16 വർഷത്തെ പ്രവർത്തനങ്ങളാണ് വിജയം കണ്ടിരിക്കുന്നത്. പൃഥ്വിരാജ് എന്ന നടന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയാണ് ആടുജീവിതം. ഓസ്കർ അവാർഡ് ജേതാക്കളായ എ.ആർ റഹ്മാൻ സംഗീതവും റസൂൽ പൂക്കുട്ടി ശബ്ദമിശ്രണവും നിർവഹിച്ച ചിത്രത്തിൽ അമല പോളാണ് നായിക.