തിയേറ്ററിൽ കളക്ഷൻ റെക്കോർഡുകൾ തിരുത്തി മുന്നേറുകയാണ് ബ്ലെസി-പൃഥ്വിരാജ് കൂട്ടുകെട്ടിൽ പിറന്ന ആടുജീവിതം. ഇതിനോടകം 65 കോടിയാണ് ചിത്രം നേടിയത്. ഇതിനിടെ ചിത്രത്തിന്റെ ബജറ്റ് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകനായ ബ്ലെസി. 82 കോടി രൂപയാണ് ചിത്രത്തിന്റെ ബജറ്റ് എന്നാണ് ഒരു അഭിമുഖത്തിനിടെ അദ്ദേഹം വ്യക്തമാക്കിയത്.
കോവിഡ് ഉൾപ്പെടെയുള്ള പ്രതിസന്ധികളാൽ ചിത്രീകരണം നീണ്ടുപോയതാണ് ബജറ്റ് ഇത്രയും ഉയരാൻ കാരണമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. അന്യ ഭാഷകളിലും ജനങ്ങൾ ചിത്രം സ്വീകരിക്കുമെന്ന പ്രതീക്ഷയോടെയാണ് ഇത്രയും വലിയ ബജറ്റിൽ ഒരു ചിത്രം ചെയ്യാൻ ധൈര്യം നൽകിയതെന്നും ബ്ലെസി കൂട്ടിച്ചേർത്തു.
വിഷ്വൽ റൊമാൻസ് ഉൾപ്പെടെ അഞ്ച് കമ്പനികൾ ചേർന്നാണ് ഈ ബിഗ് ബജറ്റ് സിനിമ നിർമ്മിച്ചിരിക്കുന്നത്. ആൾട ഗ്ലോബൽ മീഡിയ, ഇമേജ് മേക്കേർസ്, ജെറ്റ് മീഡിയ പ്രൊഡക്ഷൻസ്, കെജിഎ ഫിലിംസ് എന്നിവയാണ് സിനിമയോട് സഹകരിച്ച മറ്റ് നിർമ്മാണക്കമ്പനികൾ. സംവിധായകൻ ബ്ലെസി, സിനിമയിൽ ഇബ്രാഹിം ആയി അഭിനയിച്ച ജിമ്മി ജീൻ ലൂയിസ് എന്നിവരും നിർമ്മാണ പങ്കാളികളാണ്.