തിയേറ്ററുകൾ ഇളക്കിമറിച്ച് മുന്നേറുകയാണ് ബ്ലെസി-പൃഥ്വിരാജ് കൂട്ടുകെട്ടിൽ പിറന്ന ആടുജീവിതം. ആദ്യദിനത്തിൽ കേരളത്തിൽ നിന്ന് മാത്രം ചിത്രം നേടിയത് 4.8 കോടി രൂപയാണ്. ഇന്ത്യയിൽ നിന്നും ഏഴ് കോടി രൂപ സിനിമയുടെ കലക്ഷനായി ലഭിച്ചതായാണ് ട്രേഡ് അനലിസ്റ്റുകൾ വ്യക്തമാക്കുന്നത്. ബിഗ് ബജറ്റ് ചിത്രമായ ആടുജീവിതം അധികം വൈകാതെ പല കളക്ഷൻ റെക്കോർഡുകളും മറികടക്കുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
സിനിമയുടെ ആദ്യ ദിനത്തിലെ ആഗോള കലക്ഷൻ 15 കോടി പിന്നിട്ടതായാണ് റിപ്പോർട്ട്. കർണാടകയിൽ നിന്നും ചിത്രം ഇന്നലെ വാരിയത് ഒരു കോടി രൂപയാണ്. മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി കർണാടകയിൽ നിന്നും ആദ്യദിനം ഇത്രയും കളക്ഷൻ നേടുന്ന ചിത്രമായി മാറിയിരിക്കുകയാണ് ആടുജീവിതം. അതേപോലെ തമിഴ്നാട്ടിൽ നിന്നും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
ബ്ലെസിയുടെ സംവിധാന മികവിൽ ചോര നീരാക്കി പൃഥ്വിരാജ് പടുത്തുയർത്തിയത് വൻ വിജയമാണെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ചിത്രവുമായി ബന്ധപ്പെട്ട് ഇരുവരും നടത്തിയ 16 വർഷത്തെ പ്രവർത്തനങ്ങളാണ് ഇപ്പോൾ പൂവണിഞ്ഞിരിക്കുന്നത്. ഏറ്റവുമധികം നാളുകൾ നീണ്ടുപോയ ചിത്രമായ ആടുജീവിതത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ വർഷം ജൂലൈ 14നാണ് പൂർത്തിയായത്. പൃഥ്വിരാജ് എന്ന നടന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയാണ് ആടുജീവിതം. ഓസ്കർ അവാർഡ് ജേതാക്കളായ എ.ആർ റഹ്മാൻ സംഗീതവും റസൂൽ പൂക്കുട്ടി ശബ്ദമിശ്രണവും നിർവഹിച്ചിരിക്കുന്ന ചിത്രത്തിൽ അമല പോളാണ് നായിക.