മരുഭൂമിയിൽ കഠിന യാതനയനുഭവിച്ച നജീബ് എന്ന പ്രവാസിയുടെ ജീവിതം തിയേറ്ററിലെത്തിയപ്പോൾ ഇരുകയ്യുംനീട്ടി സ്വീകരിച്ച് പ്രേക്ഷകർ. പൃഥ്വിരാജ്-ബ്ലെസി കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ‘ആടുജീവിതത്തി’ന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആദ്യ ഷോ കഴിഞ്ഞതോടെ മലയാളത്തിന്റെ മാസ്റ്റർപീസ് സിനിമകളിലൊന്നാണ് ആടുജീവിതം എന്നാണ് പ്രേക്ഷകർ വിശേഷിപ്പിച്ചിരിക്കുന്നത്.
ബ്ലെസിയുടെ സംവിധാന മികവിൽ ചോര നീരാക്കി പൃഥ്വിരാജ് പടുത്തുയർത്തിയത് വൻ വിജയമാണെന്നാണ് സിനിമ കണ്ടവർ ഒന്നടങ്കം വ്യക്തമാക്കുന്നത്. ആരും ചിത്രത്തേക്കുറിച്ച് മോശം അഭിപ്രായം പറഞ്ഞിട്ടില്ല എന്നതാണ് ഏറ്റവും പ്രധാനം. നജീബിന്റെ ജീവിതം നിറകണ്ണുകളോടെയാണ് കണ്ടുതീർത്തതെന്ന് പ്രേക്ഷകർ പറയുമ്പോൾ ആ വിജയം ബ്ലെസിയും പൃഥ്വിരാജും അർഹിക്കുന്നതാണെന്നാണ് സിനിമാ ലോകം വ്യക്തമാക്കുന്നത്. ബിഗ് ബജറ്റ് ചിത്രമായ ആടുജീവിതം പല കളക്ഷൻ റെക്കോർഡുകളും മറികടക്കുമെന്നാണ് വിലയിരുത്തൽ.
ചിത്രവുമായി ബന്ധപ്പെട്ട് ഇരുവരും നടത്തിയ 16 വർഷത്തെ പ്രവർത്തനങ്ങളാണ് ഇപ്പോൾ പൂവണിഞ്ഞിരിക്കുന്നത്. ഏറ്റവുമധികം നാളുകൾ നീണ്ടുപോയ ചിത്രമായ ആടുജീവിതത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ വർഷം ജൂലൈ 14നാണ് പൂർത്തിയായത്. പൃഥ്വിരാജ് എന്ന നടന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയാണ് ആടുജീവിതം. ഓസ്കർ അവാർഡ് ജേതാക്കളായ എ.ആർ റഹ്മാൻ സംഗീതവും റസൂൽ പൂക്കുട്ടി ശബ്ദമിശ്രണവും നിർവഹിച്ചിരിക്കുന്ന ചിത്രത്തിൽ അമല പോളാണ് നായിക.