ചതിയിൽ അകപ്പെട്ട് മൂന്ന് വർഷത്തോളം സൗദിയിൽ ദുരിത ജീവിതം നയിച്ച നജീബിനെ ബെന്യാമിന്റെ അക്ഷരങ്ങളിലൂടെ വർഷങ്ങൾക്ക് മുൻപേ ലോകമറിഞ്ഞതാണ്. 16 വർഷങ്ങൾക്ക് ശേഷം ഇന്നിതാ ആ ‘ആടുജീവിതം’ വെള്ളിത്തിരയിൽ വിസ്മയം തീർത്തിരിക്കുകയാണ്. മാർച്ച് 28 ന് റിലീസ് ആയ ബ്ലെസ്സി സംവിധാനം ചെയ്ത ‘ആടുജീവിതം’ ഇതിനോടകം തന്നെ ലോകം ചർച്ചയാക്കി കഴിഞ്ഞു. എന്നാൽ ചില ഗൾഫ് രാജ്യങ്ങളിൽ ചിത്രം സെൻസറിങ് പൂർത്തിയാക്കി പ്രദർശനത്തിനെത്താൻ കാത്തിരിക്കുകയാണ് പ്രവാസികൾ അടക്കമുള്ള പ്രേക്ഷകർ.
ബഹ്റൈനിലെ സിനിമാപ്രേമികളുടെ ഏറെ ദിവസത്തെ ആ ആശങ്കയ്ക്ക് ഇപ്പോൾ വിരാമമായിരിക്കുകയാണ്. ബഹ്റൈനിൽ ആട് ജീവിതം ഏപ്രിൽ 3 മുതൽ പ്രദർശപ്പിക്കാൻ അനുമതി ലഭിച്ചു. ബഹ്റൈനുമായി ഏറെ ബന്ധമുള്ള ചിത്രം ആയതു കൊണ്ട് തന്നെ രാജ്യത്ത് ചിത്രം റിലീസ് ആകാത്തതിനാൽ കടുത്ത ആശങ്കയിലായിരുന്നു ബഹ്റൈനിലെ പ്രവാസികൾ. മാത്രമല്ല, രചയിതാവായ ബെന്യാമിൻ മുൻ ബഹ്റൈൻ പ്രവാസിയാണെന്നതും കഥാപാത്രമായ നജീബ് ഏറെക്കാലം ബഹ്റൈനിൽ ആയിരുന്നു എന്നത് കൊണ്ടും നിരവധി സുഹൃത് വലയമാണ് ഇരുവർക്കും ബഹ്റൈനിൽ ഉള്ളത്.
ജിസിസി രാജ്യങ്ങളിൽ യുഎഇയിൽ മാത്രമായിരുന്നു പ്രദർശന അനുമതി നൽകിയിരുന്നത്. ഇപ്പോൾ ചിത്രം ഏപ്രിൽ 3 മുതൽ ബഹ്റൈനിലെ തീയറ്ററുകളിൽ എത്തുമെന്നാണ് ബഹ്റൈനിലെ തീയറ്റർ മാനേജ്മെന്റ് അറിയിച്ചിട്ടുള്ളത്. അറിയിപ്പ് വന്നതോടെ ആദ്യ ഷോയ്ക്ക് തന്നെ എല്ലാ തീയറ്ററുകളിലും വലിയ തോതിലുള്ള ബുക്കിങ് ആണ് നടക്കുകയാണ്. ആടുജീവിതം ബഹ്റൈനിൽ പ്രദർശനാനുമതി ലഭിച്ചു എന്നുള്ള വാർത്ത പുറത്തു വന്നതോടെ ഓൺലൈനിലും നേരിട്ടും നിരവധി അന്വേഷണ പ്രവാഹമായിരുന്നു. പൃഥ്വിരാജ്, അമല പോൾ, ഹോളിവുഡ് നടനും നിർമ്മാതാവുമായ ജിമ്മി ജീൻ-ലൂയിസ്, അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്ക് അബി എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്.