ബോക്സോഫീസിൽ തേരോട്ടം തുടർന്ന് ടൊവിനോ തോമസിന്റെ എ.ആർ.എം (അജയന്റെ രണ്ടാം മോഷണം). ജിതിൻ ലാൽ സംവിധാനം ചെയ്‌ത എ.ആർ.എം ആഗോള തലത്തിൽ 100 കോടി കളക്ഷനാണ് സ്വന്തമാക്കിയിരിക്കുന്നത്. ടൊവിനോയുടെ ആദ്യ സോളോ 100 കോടി കളക്ഷൻ ചിത്രവും മാജിക് ഫ്രെയിംസിൻ്റെ ചരിത്രത്തിലെ ആദ്യത്തെ 100 കോടി കളക്ഷൻ ചിത്രവുമാണ് എ.ആർ.എം.
17 ദിവസങ്ങൾകൊണ്ടാണ് ചിത്രം ആഗോളതലത്തിൽ 100 കോടി കളക്ഷൻ സ്വന്തമാക്കിയത്. 2024-ൽ പുറത്തിറങ്ങിയ ചിത്രങ്ങളിൽ അഞ്ചാമത്തെ 100 കോടി കളക്ഷൻ ചിത്രമായി ഇതോടെ എ.ആർ.എം മാറി. പ്രേമലു, മഞ്ഞുമ്മൽ ബോയ്‌സ്, ആടുജീവിതം, ആവേശം എന്നിവയാണ് ഈ വർഷം 100 കോടി ക്ലബിലെത്തിയ മലയാള ചിത്രങ്ങൾ. കഴിഞ്ഞ വർഷം ടൊവിനോ മുഖ്യകഥാപാത്രങ്ങളിലൊന്നായി എത്തിയ 2018 എന്ന ചിത്രം 100 കോടിയിലേറെ കളക്ഷൻ നേടിയിരുന്നു.
മൈ ഡിയർ കുട്ടിച്ചാത്തന് ശേഷം കുടുംബങ്ങളും കുട്ടികളും ഒരുപോലെ സ്വീകരിച്ച 3ഡി മലയാള ചിത്രമായിരിക്കുകയാണ് എ.ആർ.എം. മാജിക് ഫ്രെയിംസും യുജിഎം മോഷൻ പിക്ചേഴ്സും ചേർന്നാണ് 40 കോടിയിലധികം മുതൽ മുടക്കിൽ ഈ ബിഗ് ബജറ്റ് 3ഡി ചിത്രം നിർമ്മിച്ചത്.