മരുഭൂമിയിലെ കടുത്ത യാതനകൾ അനുഭവിച്ച് ജീവിതത്തിലേയ്ക്ക് മടങ്ങിവന്ന ആടുജീവിതത്തിലെ നജീബിനെ മറക്കാൻ ആർക്കാണ് സാധിക്കുക. ആടുജീവിതം എന്ന സിനിമ റിലീസായതോടെ ലോകം മുഴുവൻ നജീബ് അറിയപ്പെടുകയും ചെയ്തു. ഇപ്പോൾ അദ്ദേഹത്തോടുള്ള ആദരസൂചകമായി മേക്കപ്പിലൂടെ നജീബായി മാറിയിരിക്കുകയാണ് ഒരു വീട്ടമ്മ.
നിവ്യ വിനീഷ് എന്ന യുവതിയാണ് മേക്കപ്പ് ഉപയോഗിച്ച് തന്റെ മുഖത്ത് നജീബിന്റെ മുഖം സൃഷ്ടിച്ചെടുത്തിരിക്കുന്നത്. ആരെയും അത്ഭുതപ്പെടുത്തുന്ന രീതിയിലാണ് നിവ്യയുടെ ട്രാൻസ്ഫോർമേഷൻ. മേക്കപ്പ് ആണെന്ന് ആർക്കും തോന്നിക്കാത്ത വിധത്തിൽ അതി സൂക്ഷ്മമായാണ് മുഖത്തിന്റെ ഓരോ ഭാഗങ്ങളും നിവ്യ തയ്യാറാക്കിയിരിക്കുന്നത്. ഒറിജിനൽ നജീബിന് പുറമെ ആടുജീവിതം സിനിമയിലെ നജീബായ പൃഥ്വിരാജിന്റെ മുഖവും നിവ്യ മേക്കപ്പ് ട്രാൻസ്ഫോർമേഷനിൽ ഉൾപ്പെടുത്തിയിരുന്നു. ഒരു സ്ത്രീയുടെ മുഖത്താണ് ഒരു പുരുഷന്റെ മുഖം സൃഷ്ടിച്ചിരിക്കുന്നത് എന്നതാണ് ഏവരെയും അത്ഭുതപ്പെടുത്തുന്നത്.
ഇത് ആദ്യമായല്ല നിവ്യ സെലിബ്രിറ്റികളുടെ ട്രാൻസ്ഫോർമേഷൻ വീഡിയോകൾ ചെയ്യുന്നത്. മമ്മൂട്ടി, കമലഹാസൻ, റിമി ടോമി, പൂർണിമ ഇന്ദ്രജിത്ത്, മമിത ബൈജു, നയൻതാര, നസ്ലിൻ, സൗബിൻ, ശ്രീകണ്ഠൻ നായർ തുടങ്ങി ഒട്ടനവധി സെലിബ്രിറ്റികളെയാണ് ഇതിനോടകം നിവ്യ തന്റെ മുഖത്ത് സൃഷ്ടിച്ചിട്ടുള്ളത്. അവയെല്ലാം സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തു. niv_vin_arts എന്ന ഇൻസ്റ്റഗ്രാം പേജിലൂടെയാണ് നിവ്യ റീൽ വീഡിയോകൾ പങ്കുവെയ്ക്കുന്നത്. തൃശൂർ സ്വദേശിയായ നിവ്യ ഇപ്പോൾ കുടുംബ സമേതം യുകെയിലാണ് താമസിക്കുന്നത്.