69-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരം ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് അഞ്ച് മണിക്ക് ഡൽഹിയിൽ വെച്ചാണ് പുരസ്കാര പ്രഖ്യാപനം നടക്കുക. മേപ്പടിയാൻ, നായാട്ട്, മിന്നൽ മുരളി എന്നീ മലയാള ചിത്രങ്ങൾ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. ജോജു ജോർജ്, ബിജു മേനോൻ എന്നിവർ മികച്ച നടനും സഹനടനുമുള്ള പുരസ്കാര ലിസ്റ്റിലും ഉൾപ്പെട്ടിട്ടുണ്ട്. ഓസ്കർ തിളക്കവുമായി രാജമൗലിയുടെ ആർആർആറും മത്സരരംഗത്തുണ്ട്. മികച്ച സംഗീത സംവിധാനത്തിനുള്ള പുരസ്കാരം ചിത്രത്തിന് ലഭിക്കാൻ സാധ്യതയേറെയാണ്.
നായാട്ടിലെ അഭിനയത്തിലൂടെ മികച്ച നടനാകാനുള്ള മത്സരത്തിൽ ജോജു ജോർജും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ആർക്കറിയാം എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെയാണ് ബിജു മേനോൻ മികച്ച സഹനടനായി മാറ്റുരയ്ക്കുന്നത്. ഐ.എസ്.ആർ.ഒ മുൻ ശാസ്ത്രജ്ഞൻ നമ്പി നാരായണന്റെ ജീവിതം പറഞ്ഞ റോക്കട്രി: ദ നമ്പി എഫക്റ്റ് എന്ന ചിത്രത്തിലെ അഭിനയത്തിന് ആർ മാധവനും വിവേക് അഗ്നിഹോത്രി ഒരുക്കിയ കശ്മീർ ഫയൽസിലെ പ്രകടനത്തിന് അനുപം ഖേറും മികച്ച നടനാവാൻ മാറ്റുരയ്ക്കുന്നുണ്ട്. മികച്ച നടിക്ക് വേണ്ടിയുള്ള മത്സരത്തിൽ ഗംഗുഭായ് കത്തിയവാഡിയിലൂടെ ആലിയ ഭട്ടും തലൈവിയിലൂടെ കങ്കണ റണൗട്ടും തമ്മിലും മത്സരിക്കും. കൂടാതെ രേവതിയും മികച്ച നടിക്കുവേണ്ടി മത്സരിക്കുന്നു.